Pages

Tuesday, December 1, 2015

കുട്ടിക്കാലത്ത് വളരെ കൌതുകത്തോടെ നോക്കി കണ്ട ഒരു സംഭവം . വർഷത്തിൽ ചില ദിവസങ്ങളിൽ അയൽവക്കകാരായ ജാനു ഏടത്തിയും , ചന്ദ്രി ചേച്ചിയും തുടങ്ങി ചിലർ എൻറെ വീട്ടിൽ ഉറങ്ങാൻ വരും . അന്ന് അടുക്കളയോട് ചേർന്ന ഒരു മുറി അവർക്ക് ഉറങ്ങാൻ വേണ്ടി തയ്യാറാക്കി വെക്കും . ഒരു തലയണയും , വിരിപ്പുമായി രാത്രി  ആയാൽ വീട്ടിലെത്തുന്ന ഇവർ കുറെ കിസ്സകൾ പറഞ്ഞ ശേഷം മുറിയിൽ കിടന്നുറങ്ങി രാവിലെ എണീറ്റ് പോകും . എന്തായിരിക്കും ഇവരുടെ വരവിൻറെ ഉദ്ദേശം.. ??, ഇവർക്ക് വീട്ടില് എന്താണ് പ്രശ്നം..?? , കെട്ടിയോനുമായുള്ള വയക്കാണോ ഇവരുടെ വരവിൻറെ കാരണം തുടങ്ങി ഒരു പാട് ചോദ്യങ്ങൾ എൻറെ മനസ്സിലൂടെ കടന്നു പോകും .  ഏതായാലും നിറഞ്ഞ മനസ്സോടെ ഉമ്മ അവരെ സ്വീകരിക്കുന്നത് കൊണ്ട് വീട്ടിൽ അന്ന് സന്തോഷവും , ഉണർച്ചയും കാണാൻ കഴിഞ്ഞു . കുറച്ച് കൂടെ മുതിർന്നപ്പോയാണ് അവരുടെ ഈ വരവിൻറെ ഉദ്ദേശം എനിക്ക് മനസ്സിലായത് . മണ്ഡല കാലമായാൽ പിന്നെ മാല ഇട്ട് ശബരി മലക്ക് പോകാൻ നിയ്യത്തും വെച്ചിരിക്കുന്ന പുരുഷന്മാരുള്ള വീട്ടില് മെൻസസ് ആയ സ്ത്രീകൾ താങ്ങാൻ പാടില്ല എന്ന വിശ്വാസമാണ് ഇവരെ വീട് വിട്ട് എൻറെ വീട്ടിലെത്തിക്കുന്നത് എന്ന് .
മകര വിളക്കിന് , ശബരി മലക്ക് പോയി തിരിച്ച് വരുമ്പോൾ ചീരു ഏട്ടത്തി കൊണ്ട് വന്ന് തരാറുള്ള കടുക് മണി നിറച്ച ബലൂണും , അരി പൊരിയും , കുട്ടിക്കാലത്ത് എൻറെ മനസ്സ് നിറച്ച , ഇന്നും മനസ്സിന് കുളിരേകുന്ന ഓർമ്മകളാണ് . വറുതിയുടെ നാളുകളിൽ , ചക്ക കൊയ്താൽ പകുതി മുറിച്ച് പരസ്പരം കൈമാറുമായിരുന്നു  . അരി തീർന്നാൽ , പുളി തീർന്നാൽ അടുത്ത വീട്ടിൽ അന്വേഷിച്ച് പോവുമായിരുന്നു . പുര മേയാൻ മെടഞ്ഞ തെങ്ങോല ഉമ്മ അങ്ങോട്ട്‌ കൊടുത്ത് സഹായിക്കുമ്പോൾ , കൂട മേയാൻ കൈ മെയ് മറന്ന് വാസുവും ബാലനും പ്രതിഫലം മോഹിക്കാതെ കൈ മെയ് മറന്ന് സഹായിക്കുമായിരുന്നു .  




No comments:

Post a Comment