Pages

Wednesday, December 30, 2015

നാടോടി ...

നാടോടി ...

"യാത്രീയോ കാ കൃപയാ .." " തിരുവനന്ത പുറത്ത് നിന്നും മംഗലൂർ വരേ പോകുന്ന മംഗലൂർ എക്സ്പ്രസ്സ്‌ രണ്ട് മണിക്കൂർ വൈകി ഓടുന്നതായി അറീക്കുന്നു ". " ഹൊ ഈ റെയിൽവേ യുടെ ഒരു കാര്യം " പറഞ്ഞ സമയമാവാൻ തന്നെ എനിയും ഒരു മണിക്കൂറുണ്ട്" . "ഇതിപ്പം രണ്ട് മണിക്കൂർ വൈകുമെന്ന അറീപ്പും" . രണ്ടര മണിക്കൂർ ഇനിയും കാത്തിരിക്കണം . നോക്കെത്താ ദൂരത്തേക്ക് നീണ്ട് കിടക്കുന്ന റെയിൽ പാളം നോക്കി ഒരു ദീർഘ നിശ്വാസമിട്ടുകൊണ്ട് തൊട്ടപ്പുറത്തുള്ള കരിങ്കല്ലിൽ തീർത്ത ഇരിപിടത്തിലിരുന്നു അയാൾ . കുടിവെള്ളം എന്നെഴുതിവെച്ച ബോർഡിനരികയുള്ള പൈപ്പിൽ നിന്നും ജല കണികകൾ  നിർത്താതെ പൂപ്പൽ പിടിച്ച പ്രതലത്തിലേക്ക് ഉറ്റി ഉറ്റി വീണു കൊണ്ടേയിരികുന്നുണ്ട് .  നാവ് പുറത്തേക്ക് നീട്ടി കിതച്ച് കൊണ്ട് ഓടി വന്ന  ഒരു പട്ടി പൈപ്പിൽ നിന്നും വെള്ളം കുടിച്ച് തിരക്കിട്ട് തിരിച്ച് പോയി . നായക്ക് പോലും തിരക്കാണ് . "ഈ റെയിൽവേയുടെ ഒരു കാര്യം" . "മനുഷ്യനെ കയറില്ലാതെ കെട്ടിയിടുന്ന ഏർപ്പാട്"  . "സഹിക്കുകയല്ലാതെന്ത് ."അയാൾ പിറുപിറുത്തു . .. പ്ലാറ്റ്ഫോർമിൽ  അധികം തിരക്കില്ല . അങ്ങിങ്ങായി കുറച്ചാളുകൾ . തൊട്ടപ്പുറത്തെ ബെഞ്ചിൽ ഒരു കുടുംബം  വിശ്രമിക്കുന്നുണ്ട് . 
അവരും വൈകി ഓടുന്ന ട്രെയിനിന് വേണ്ടി കാത്തിരിക്കുന്നതാണെന്ന് തോന്നുന്നു .  ഒരു അച്ഛനും , അമ്മയും , ഒരു കുട്ടിയും , ഏതോ നല്ല ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരാണെന്ന് തോന്നുന്നു . കെട്ടും മട്ടും കണ്ടാലറിയാം ഇവർ അത്തരക്കാരാണെന്ന് . സ്ത്രീയുടെ തോളിൽ വിദേശ നിർമ്മിതമായ നല്ല ഒരു ഹാൻഡ്‌ ബാഗുണ്ട് .അത് ഇരിപ്പിടത്തിന് പിന്നിലേക്ക് തൂങ്ങി കിടക്കുന്നു . കുട്ടി അച്ഛൻറെ മടിയിൽ നല്ല ഉറക്കത്തിലാണ് . ഒന്ന് രണ്ട് ബാഗുകളിൽ നിറയേ സാദനങ്ങളുണ്ട് . എല്ലാം ഇരിപ്പിടത്തിന് മമ്പിലായി നിരത്തിയിട്ടിരിക്കുന്നു . അയാളെ പോലെ തന്നെ കാത്തിരിപ്പിൻറെ മുഷിപ്പ് അവരെയും പിടികൂടിയെന്ന് തോന്നുന്നു . ഉറക്ക ചടവ് അവരുടെ കണ്ണുകളിൽ തെളിഞ്ഞ് കാണുന്നുണ്ട് . 
കുറെ നേരമായി ഏകദേശം പതിനാറ് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടി പ്ലാറ്റ്ഫോമിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നു . എന്തോ ഒരു ഇരിപ്പുറക്കാത്ത
 പോലെ . പ്ലാറ്റ്ഫോർമിലൂടെ നടന്ന് പോകുന്നവരെയും , ചിലപ്പോയോക്കെ അയാളെയും  , തൊട്ടപ്പുറത്ത് ഇരിക്കുന്നവരെയുമൊക്കെ മാറി മാറി കുട്ടി നിരീക്ഷിക്കുന്നത് പോലെ തോന്നി . ഇടക്കിടക്ക് "ഭോജന ശാല" യുടെ ബോർഡിലേക്ക് നോക്കുന്നുണ്ട് . "ഭോജനശാല ".. അതെന്താ അവർക്ക് ഭക്ഷണ ശാല എന്നോ ഹോട്ടൽ എന്നോ എഴുതിയാല് അയാൾ ചിന്തിച്ചു  . അല്ലേലും അത് അങ്ങനെയാണല്ലോ .?? പൊതുജനങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ റെയിൽവേ പണ്ടേ എഴുതാറില്ലെല്ലോ . മുഷിഞ്ഞ വസ്ത്രമാണ് കുട്ടി ധരിച്ചിരിക്കുന്നത് . മുടിയൊക്കെ ജട പിടിച്ച് തുടങ്ങിയിട്ടുണ്ട് . കുളിക്കാറില്ലെന്നു തോന്നുന്നു . കൈയില്‌ പ്ലാസറ്റിക്ക് സഞ്ചിയിൽ എന്തോ സാദനങ്ങളുണ്ട് . ആ സഞ്ചി കുട്ടി വളരെ കാര്യമായി തന്നെ സൂക്ഷിക്കുന്നുണ്ട്  . കുട്ടിയുടെ മാറി മാറിയുള്ള  നോട്ടം ഒരു കള്ള ലക്ഷണം പോലെ അയാൾക്ക്  അനുഭവപ്പെട്ടു .
ചിന്തകൾ കാട് കയരിക്കൊണ്ടിരിക്കെ എപ്പോയോ അയാൾ മയങ്ങി പോയി . അൽപ്പ സമയത്തെ മയക്കത്തിനിടയിൽ പെട്ടന്നാണ് ആളുകളുടെ ബഹളം കേട്ട് അയാൾ ഞെട്ടിയുണർന്നത് .  തൊട്ടപ്പുറത്തെ ബെഞ്ചിൽ വിശ്രമിക്കുകയായിരുന്ന കുടുംബത്തെ ആളുകൾ വളഞ്ഞിരിക്കുന്നു . ആകെ കൂടെ ബഹളം . " പത്ത് മിനുട്ട് മുമ്പ് ഞാൻ അതിൽ നിന്നും തൂവാല എടുത്തതാണ് " കുട്ടിയുടെ സ്വർണ്ണവും ആകെ കൂടെയുള്ള പൈസയും , വിലപിടിപ്പുള്ള ഫോണും അതിലാണുള്ളത്" . ആ സ്ത്രീ കരഞ്ഞ് കൊണ്ട് പറയുന്നു . "അല്ല ചേച്ചീ " "ഇവിടെയൊക്കെ മോഷണം ധാരാളം നടക്കുന്ന സ്ഥലമാണെന്ന് അറിഞ്ഞൂടെ " "സൂക്ഷിക്കേണ്ടേ" .കൂട്ടത്തിൽ ഒരാൾ സ്ത്രീയെ നോക്കി പറയുന്നു  .  ബഹളത്തിനിടയിൽ അയാളും അലിഞ്ഞ് ചേർന്നു  . ആ ഇടക്കാണ് ഫ്ലാറ്റ്ഫോർമിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ആ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച കുട്ടിയെ അയാൾ ഓർത്തത് . ആൾകൂട്ടത്തിൽ നിന്ന് രണ്ട് പേരെ അടുത്ത് വിളിച്ച് അയാൾ പറഞ്ഞു . " ഇത് അവൻ  തന്നെ , തീർച്ചയാ" , "ആ മുഖത്തെ കള്ള ലക്ഷണം കണ്ടപ്പൊയേ തോന്നിയതാ  അവൻ എന്തോ പണി ഒപ്പിക്കുമെന്ന് ".  കേട്ടപാടെ മറ്റൊരാൾ പറഞ്ഞു "അത് ശരിയാ ഞാനും കണ്ടിരുന്നു ,ആ കുട്ടിയെ" . "ഇത് അവൻ തന്നെ ". ആളുകൾ തിരയാൻ തുടങ്ങി . നിമിഷ നേരം കൊണ്ട് കുറച്ചാളുകൾ  കുട്ടിയെ എവിടെ നിന്നോ പിടിച്ച് കൊണ്ട് വന്നു . " "അസത്ത് കണ്ടാലറിയാം ഇവൻ പേരും കള്ളനാ ".."വിടരുത് അടിച്ച് കൈ ഓടിക്കണം " "എന്നാലേ പഠിക്കൂ " "തെണ്ടി തിരിയുന്ന ഇവനൊക്കെയാ ഈ നാടിൻറെ ശാപം". പലരും പലതും പറഞ്ഞു കൊണ്ടേയിരുന്നു .കൈയിലുള്ള സഞ്ചി മാറോടണച്ചു കൊണ്ട് കുട്ടി ഉച്ചത്തിൽ നിലവിളിച്ചു . നിലവിളി ആരും കേൾക്കുന്നില്ല . ഇടക്ക് ചിലരൊക്കെ ചവിട്ടുന്നുണ്ട് . ചിലരൊക്കെ അടിയും തുടങ്ങി  . ഫ്ലാഷ് ലൈറ്റുകൾ മിന്നി മറിഞ്ഞു . പോലീസെത്തി അവനെ വണ്ടിയിലേക്ക് വലിച്ച് കേറ്റി . കുടുംബം ഒരു ടാക്സി വിളിച്ച് പോലീസ് ജീപ്പിന് പിന്നാലെ പോയി . 
അവർ പോയതോടെ ഫ്ലാറ്റ്ഫോം വീണ്ടും നിശബ്ദമായി . ഇനിയും രണ്ട് മണിക്കൂർ കാത്തിരിക്കണം .വീണ്ടും അയാൾ ബെഞ്ചിൽ പോയിരുന്നു . മുന്നിൽ മതിൽ കെട്ടുകൾ തീർത്ത് ഒന്ന് രണ്ട് വണ്ടികൾ അന്തരീക്ഷത്തെ തുളച്ച് കീറി കടന്നു പോയി . മണിക്കൂർ ഒന്ന് കൂടി പിന്നിട്ടു . ഉറക്ക ചടവ് വല്ലാതെ അലട്ടുന്നുണ്ട് . ഉറങ്ങിയാൽ ശരിയാവൂല . അയാളുടെ ബാഗിലുമുണ്ട് വിലപിടിപ്പുള്ള ഒരു ഫോണും , പൈസയും .  "ആ അസത്തിനെ പോലുള്ള തെണ്ടികൾ എനിയുമുണ്ടാകില്ലെന്ന് എന്താ ഇത്ര ഉറപ്പ് ". അയാൾ പിറുപിറുത്തു . ഉറക്ക ചടവ് കാനത്തപ്പോൾ അയാൾ തൊട്ടടുത്ത ചായ കടയിലേക്ക് ചായ കുടിക്കാനായി പോയി . അൽപ്പം മാറി നിന്ന് ചൂടുള്ള ചായ കുടിക്കവേ കുറ്റി ക്കാടുകൾക്കിടയിൽ നിന്നും അയാൾ കേട്ടു . തൊണ്ട ഇടറിയ ആ ശബ്ദം . ഭയന്ന് വിറച്ച കുട്ടി വിറയാർന്ന കൈകളിൽ പഴയകിയ ഫോണ്‍ ചെവിടിനോട് ചേർത്ത് വെച്ച് കരഞ്ഞ് പറയുന്നത് അയാൾ കേട്ടു  . "അമ്മാ എന്നെ അവർ തല്ലി അമ്മാ " "എന്തിനാന്നറിയില്ല " "അവരുടെ ബാഗ് മോഷ്ട്ടിച്ചെന്ന് പറഞ്ഞാ തല്ലിയത്" "അമ്മാ  എനിക്ക് വേദനിക്കുന്നമ്മാ " "ചോര 
വരുന്നുണ്ടമ്മാ ". "ഞാനാരെയും മോഷ്ട്ടിച്ചിട്ടില്ലമ്മാ".  "ആ വണ്ടി പോയമ്മാ " "ഇനി രാവിലെയേ വണ്ടിയുള്ളൂ അമ്മാ"  "രാവിലെ ഡോക്ടർ വരുംപോയത്തെക്കും എനിക്ക് എത്താൻ പറ്റൂലമ്മാ " " ബാഗിലുള്ള പൈസയും അവർ കൊണ്ടുപോയമ്മാ "."സാരമില്ല മോനേ , നീയാരയും മോഷ്ട്ടിക്കില്ലെന്നെനിക്കറിയാം മോനെ " പൈസ പോയത് പോട്ടെ മോനേ , മോൻ വിഷമിക്കെണ്ടടാ , എൻറെ  കുട്ടി ജീവനോടെയുണ്ടെല്ലോ , അവർക്ക് ദൈവം കൊടുത്തോളും മോനെ . അങ്ങകലെ ആർ സി സി യിൽ നിന്ന് ക്യാൻസരിനോട് പൊരുതി ജീവിക്കുന്ന ആ അമ്മയുടെ തൊണ്ടയിടറിയ മറു ശബ്ദവും അയാളുടെ കാതിൽ തുളച്ച് കേറി . അയാളുടെ കാലുകൾ വിറക്കാൻ തുടങ്ങി . അയാൾ വിയർത്തൊലിച്ചു . വിറയ്ക്കുന്ന കാലുകളിൽ യാന്ത്രികമായി ഓടി ചെന്ന് അയാൾ വണ്ടിയിൽ കേറി . ആ ഇടക്കെപ്പോയോ അയാൾ ഫേസ് ബുക്ക് തുറന്നു നോക്കി . "നിയമസഭാ ജീവനക്കാരിയുടെ ബാഗ് മോഷ്ട്ടിച്ച നാടോടി പയ്യനെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു " ഒപ്പം ദയനീയമായ കണ്ണുകൾ മുകളിലോട്ടുയർത്തി  വാ വിട്ട് കരയുന്ന കുട്ടിയുടെ പടവും മാറി മാറി വന്നു കൊണ്ടേയിരിക്കുന്നു . അയാളുടെ കൈയും വിറക്കാൻ തുടങ്ങി ....







Wednesday, December 23, 2015



ഇസ്ലാം കാര്യം അഞ്ചാണ്..
അവകളറിയല്‍ ഫര്‍ളാണ്..
ഇമാന്‍ ഇസ്ലാം അറിഞ്ഞില്ലെങ്കില്‍
നരകം അവരുടെ വീടാണ്..
കലിമത്ത് ശഹാദത്ത് ഒന്നാണ്..
നിസ്ക്കാരം അതില്‍ രണ്ടാണ്..
മൂന്നാമത്തേത്‌ സക്കാത്താണ്..
നാലോ റമദാന്‍ നോമ്പാണ്..
അഞ്ചാമത്തെത്‌ ഹജ്ജാണ്..
അഞ്ചും അറിയല്‍ ഫര്‍ളാണ്..
ഇമാന്‍ ഇസ്ലാം അറിഞ്ഞില്ലെങ്കില്‍
നരകം അവരുടെ വീടാണ്..
ഇമാന്‍ കാര്യം ആറാണ്..
ആറും അറിയല്‍ ഫര്‍ളാണ്..
ഇമാന്‍ ഇസ്ലാം അറിഞ്ഞില്ലെങ്കില്‍
നരകം അവരുടെ വീടാണ്..
ഒന്ന് ഇലാഹിലെ വിശ്യാസം..
രണ്ടോ മലക്കിലെ വിശ്യാസം..
മൂന്നാമത്തേത്‌ ഖുറാനിലെ വിശ്യാസം..
നാലാമത്തേത് മുര്‍സലിലും
മനമുറച്ചുള്ള വിശ്യാസം..
അഞ്ചത് നന്മയിലും തിന്മയിലുമുള്ള വിശ്യാസം..
ആറാമത്തെത് അന്ത്യദിനം എന്നതിലൂന്നിയ വിശ്യാസം..
വിശ്യാസങ്ങളി തൊക്കെയുമായി
നേര്‍വഴി എന്നും പോകുകനാം...

Tuesday, December 22, 2015

ആദ്യത്തെ ചന്തയിൽ പോക്ക് .....


ആദ്യത്തെ ചന്തയിൽ പോക്ക് .....
അന്നൊക്കെ ഓർക്കാട്ടേരി ചന്തയായിരുന്നു . ചന്ത സീസണായാൽ  പിന്നെ ചന്തയിൽ പോയി വന്ന  കുട്ടികൾ ക്ലാസിൽ വന്ന് ചന്തയിലെ അത്ർപ്പങ്ങൾ പറയാൻ തുടങ്ങും . ചെറിയ ചെറിയ കളിപ്പാട്ടങ്ങൾ ഉമ്മമാരുടെ വിലക്ക് വകവെക്കാതെ സ്കൂളിൽ കൊണ്ട് വന്ന് ഞങ്ങളെ കാണിച്ച്  തുടങ്ങും . തോട്ടിലും , മരണ കിണറും , മൃഗ ശാലയും , ചിരിപ്പിക്കുന്ന കണ്ണാടിയുടെ യും തുടങ്ങി ചന്തയിലെ അതിശയങ്ങൾ . കടുക് മണി നിറച്ച ബലൂണും , ചെറിയ ചെണ്ടയും , ഓടിക്കുമ്പോൾ മുകളിൽ കറങ്ങുന്ന ഫാനുള്ള വണ്ടിയും , തുടങ്ങി ഒരു പാട് തരം കളിപ്പാടങ്ങൾ . എല്ലാം കാണുംപോയും , കേൾക്കുംപോയും മനസ്സ് കൊതിക്കും ഒന്ന് ചന്തയിൽ പോവാൻ . വീട്ടിൽ ഉമ്മാനോട് പറഞ്ഞാൽ ഉമ്മ പറയും . " ഇവിടെ ചിലവിന് ന്നെ പൈസയില്ല , അന്നേരം ഓൻറെ ഒരു ചന്തേ പോക്ക് " ഇനി പൈസ ഉണ്ടേൽ തന്നെ ഇഞ്ഞ് ആരോടിയാ പോഉഅ " "ഇവിടെ ചന്തേ പോഉആനൊന്നും ആരൂല്ല്യ".  "ഇന്നോടാ മിണ്ടാണ്ട് നിക്കാൻ പറേന്നെ .". ഉമ്മാക്ക് പറഞ്ഞയക്കാൻ ആഗ്രഹിമില്ലാഞ്ഞിട്ടല്ല . മാസാം മാസം ഉപ്പ അയക്കുന്ന എണ്ണി ചുട്ട പൈസ ചിലവിന് തന്നെ തികയൂല . എനി പൈസ എവിടന്നെങ്കിലും ഒപ്പിച്ചാൽ തന്നെ കുട്ടികളായ ഞങ്ങളെ തനിച്ച് പറഞ്ഞയക്കാനുള്ള പേടിയും .
നോമ്പിന് (റംസാൻ ) അയൽക്കാരും , ബന്ധുക്കളും , തരുന്ന നോമ്പിൻറെ പൈസ കൊണ്ട് പെരുന്നാൾക്ക് വസ്ത്രം വാങ്ങും . ബാക്കി വല്ലതും വന്നാൽ പൊട്ടാസും , കമ്പിത്തിരിയും വാങ്ങും . ചന്ത സീസണായാൽ പിന്നെ  ആഗ്രഹങ്ങൾ മനസ്സിലൊതുക്കി ചന്ത സ്വപ്നത്തിൽ കണ്ട് സായൂജ്യമടയും . ആയിടകാണ്  അങ്ങാടിയിലെ കലന്തനിക്കാൻറെ ഇറച്ചി കടയിൽ ഉപ്പില ചപ്പ് പറിച്ച് കൊണ്ട് കൊടുത്താൽ പൈസ കിട്ടുമെന്ന് പറഞ്ഞ് കേട്ടത് . ഇന്നത്തെ പോലെ പ്ലാസ്റ്റിക്ക് കവറുകൾ ഇല്ലാത്തത് കൊണ്ട് ഇലയിലായിരുന്നു ഇറച്ചി പൊതിഞ്ഞ് കൊടുത്തിരുന്നത് . അതിൽ പിന്നെ സ്കൂൾ വിട്ട് വന്നാൽ ആരാൻറെ പറമ്പിലൊക്കെ വലിഞ്ഞ് കേറി ഉപ്പില ചപ്പ് പറിച്ച് കൊണ്ട് വന്ന് കടയിൽ കൊടുക്കും . അഞ്ചും പത്തും ഉറുപ്പിക സൂക്ഷിച്ച് വെക്കും . വീട്ടിലും  , പറമ്പിലും , വഴിയിലും ലഭിക്കുന്ന പഴയ തകര പാട്ടകളും , ഇരുമ്പും , പ്ലാസ്റ്റിക്കും , പേപ്പറും ഒക്കെ പെറുക്കി മൊയ്തു വിൻറെ പാട്ടക്കടയിൽ കൊണ്ട് പോയി കൊടുത്ത് കാശ് വാങ്ങിച്ച് സൂക്ഷിച്ച് വെക്കും . 
അങ്ങിനെ ആ കൊല്ലം പൈസ റെഡി . കൂടെ പോരാൻ ആള് വേണം . അഞ്ചാറു വീട് അകലയുള്ള ശിഹാബ് ഒന്ന് രണ്ട് കൊല്ലമായി ചന്തയിൽ പോകുന്നു . ചന്തയിൽ മാത്രമല്ല വടകരയും തലശ്ശേരി യുമെല്ലാം ഓൻ പണ്ടേ പേടി കൂടാതെ ഒറ്റക്ക് പോകും . ഞാൻ പറഞ്ഞു.. "ഉമ്മാ ഞാൻ ഇക്കൊലം എന്തായാലും ചന്തേൽ പോകും" . "ശിഹാബ് പോന്നുണ്ട് ". "ഓൻറെ കൂടെ ഞാനും പോകും" . പൈസ യൊക്കെ എണ്ണി കണക്കാക്കി . ഉമ്മ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി . വൈകുന്നേരം ഞങ്ങൾ ചന്തയിലേക്ക് പുറപ്പെട്ടു . "മോന്തി (രാത്രി ) ആവുംപോയത്തെക്കും ഇങ്ങ് എത്തണം" എന്ന് ഉമ്മ ഒരു പാട് തവണ ഒർമ്മിപ്പിച്ചു  .ബസ്സിൽ ഓരം ചേര്ന്ന ഇരിപ്പിടം തരപ്പെടുത്തി . റോഡരികിലെ കാഴ്ചകൾ കണ്ട് കണ്ട് നദാപുരവും , പുറമേരിയും പിന്നിട്ട്  ഞങ്ങൾ ചന്തയിലെത്തി  . മനം മയക്കുന്ന കാഴ്ചകൾ . ആകാശം മുട്ടെ ഉയർന്ന് കറങ്ങുന്ന ഊഞ്ഞാലുകൾ ,ആർപ്പ് വിളി , വർണ്ണ വിളക്കുകൾ . മരണ കിണറും , മൃഗ ശാലയും , ഒരു മാജിക്ക് ശാലയും കണ്ട് , വള ചന്തയിൽ കേറി പെങ്ങൾക്ക് ഒരു ചൊറ വളയും വാങ്ങി പുറത്തിറങ്ങി . അതിശയങ്ങളെല്ലാം കണ്ട് നിന്ന് നേരം പോയതറിഞ്ഞില്ല . നേരം ഇരുട്ടുന്നതിന്‌ മുമ്പേ ഇങ്ങ് എത്തണം എന്ന് ഉമ്മ പറഞ്ഞ വാക്ക് എൻറെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു ." അല്ല ശിഹാബേ ".. "ഞമ്മക്ക് പോണ്ടേ"..??  എന്ന് ഞാൻ ഇടക്കിടക്ക് ശിഹാബിനോട് ചോതിക്കും . "ഇഞ്ഞൊന്ന് അനങ്ങാണ്ട് നിക്ക്" ."ആ ഞമ്മക്ക് പോകാം" . എന്ന് ശിഹാബ് പറയും . നേരം വൈകി . തിരിച്ച് പോരാൻ വേണ്ടി റോഡിലേക്കിറങ്ങി ബസ്‌ നിർത്തുന്ന സ്ഥലത്തെത്തി . ഓരോ പതിനഞ്ച് മിനുട്ടിലും ബസ്‌ വരുന്നുണ്ട് . എല്ലാം നിറയെ ആളുകൾ  ഒരൊറ്റ ബസ്സും സ്റ്റോപ്പിൽ നിറുത്തുന്നില്ല . മനസ്സിൽ ബേജാറ് കൂടി വന്നു . നേരം വൈകുന്നു . ആ ഇടക്ക്  തിരക്കിനിടയിലൂടെ ഒരു ജീപ്പ് കടന്ന് വന്നതും ശിഹാബ് അതിൻറെ പിന്നിലെ കമ്പിയിൽ തൂങ്ങി യാത്രയാവുന്നതും ആശ്ചര്യത്തോടെ ഞാൻ കണ്ടു . നെഞ്ചിടിപ്പ് വർദ്ധിച്ചു .പെടിയാവാൻ തുടങ്ങി . വരേണ്ടതില്ലായിരുന്നു . ഉമ്മ എന്ത് പറയും .  കുറേ സമയം   കഴിഞ്ഞതോടെ നിറയെ ആളുമായി ഒരു ബസ് വീണ്ടും വന്നു . അവസാനത്തെ ബസ്സാണ് . ഭാഗ്യത്തിന് ഒരാൾ ഇറങ്ങാനുള്ളത് കൊണ്ട് ബസ്സ്‌ അവിടെ നിരത്തി . എനി ആളെ കെറ്റാൻ പറ്റൂല ആരും കേറരുത് എന്ന് ബസ് ക്ലീനർ വിളിച്ച് പറയുന്നുണ്ട് .ജീവൻ മരണ പോരാട്ടത്തിനൊടുവിൽ എങ്ങനെയോ ബസ്സിനകത്ത് കേറിക്കൂടി . നാദാപുരം വരെയുള്ള ബസ്സ്‌ . നല്ല തിരക്കുള്ളത് കാരണം ടിക്കറ്റുമായി കണ്ടക്ടർ വന്നിരുന്നില്ല . ബസ്സിന് വേഗത വളരെ കുറവുള്ളത് പോലെ തോന്നി . നെഞ്ചിടിപ്പ്  കൂടി വരുന്നു . ചിന്തകളൊക്കെയും  വീട്ടിലേക്കും , ഉമ്മയിലേക്കുമായിരുന്നു .ബസ്‌ നാദാപുരത്തെത്തി . കടകളൊക്കെ പൂട്ടി ആളുകളൊക്കെ പോയി നാദാപുരം വിജനമായിരിക്കുന്നു . അവിടെ ഇവിടെയായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പട്ടികൾ മാത്രം .സമയം വൈകിയത് കൊണ്ട് വരുന്ന ആളുകളുടെ കഴുത്തറുക്കാൻ വേണ്ടി തക്കം പാർത്തിരിക്കുന്ന ഒന്ന് രണ്ട് ഓട്ടോരിക്ഷക്കാരുണ്ട് . എല്ലാം കഴിച്ച് ആകെക്കൂടെ കൈയിൽ പത്ത് ഉറുപ്പിക ഉണ്ട് . അതുമായി റിക്ഷകാരുടെ അടുത്ത് ചെന്ന് ചോതിച്ച് നോക്കി . അൻപതും അറുപതും ഒക്കെയാണ് അവർക്ക് വേണ്ടത്‌ രക്ഷയില്ല . വലിച്ച് നടക്കുക തന്നെ . പേടി കൊണ്ട് കാലിലിന് നടക്കാനുള്ള ഭലത്തിൽ നല്ല  കുറവ് അനുഭവപ്പെടുന്നുണ്ട്   . നടത്തം തുടങ്ങി . കുറച്ചകലെ മോതാക്കര പള്ളിക്കാട് ഓർക്കുമ്പോൾ പേടിച്ച് വിറക്കാൻ തുടങ്ങി . ധൈര്യം സമാഹരിച്ച് നടത്തം തുടങ്ങി . കൂടുതൽ നടക്കേണ്ടി വന്നില്ല . അന്വേഷിച്ച് അയൽവാസിയും , ബന്ധുവം ഗർജ്ജിക്കുന്ന സിംഹങ്ങളെ പോലെ ശകാര വാക്കുകളുമായി അവിടെ എത്തി ക്കഴിഞ്ഞിരുന്നു . പിന്നെ അവരുടെ കൂടെ വീട്ടിലേക്ക് .   ചുറ വളയും , രണ്ട് കളിപ്പാട്ടവും ,ഒരു അരിപൊരിയുമായി വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ ഞാനാകെ പേടിച്ച് വിരക്കുനുണ്ടായിരുന്നു . 






Tuesday, December 1, 2015

കുട്ടിക്കാലത്ത് വളരെ കൌതുകത്തോടെ നോക്കി കണ്ട ഒരു സംഭവം . വർഷത്തിൽ ചില ദിവസങ്ങളിൽ അയൽവക്കകാരായ ജാനു ഏടത്തിയും , ചന്ദ്രി ചേച്ചിയും തുടങ്ങി ചിലർ എൻറെ വീട്ടിൽ ഉറങ്ങാൻ വരും . അന്ന് അടുക്കളയോട് ചേർന്ന ഒരു മുറി അവർക്ക് ഉറങ്ങാൻ വേണ്ടി തയ്യാറാക്കി വെക്കും . ഒരു തലയണയും , വിരിപ്പുമായി രാത്രി  ആയാൽ വീട്ടിലെത്തുന്ന ഇവർ കുറെ കിസ്സകൾ പറഞ്ഞ ശേഷം മുറിയിൽ കിടന്നുറങ്ങി രാവിലെ എണീറ്റ് പോകും . എന്തായിരിക്കും ഇവരുടെ വരവിൻറെ ഉദ്ദേശം.. ??, ഇവർക്ക് വീട്ടില് എന്താണ് പ്രശ്നം..?? , കെട്ടിയോനുമായുള്ള വയക്കാണോ ഇവരുടെ വരവിൻറെ കാരണം തുടങ്ങി ഒരു പാട് ചോദ്യങ്ങൾ എൻറെ മനസ്സിലൂടെ കടന്നു പോകും .  ഏതായാലും നിറഞ്ഞ മനസ്സോടെ ഉമ്മ അവരെ സ്വീകരിക്കുന്നത് കൊണ്ട് വീട്ടിൽ അന്ന് സന്തോഷവും , ഉണർച്ചയും കാണാൻ കഴിഞ്ഞു . കുറച്ച് കൂടെ മുതിർന്നപ്പോയാണ് അവരുടെ ഈ വരവിൻറെ ഉദ്ദേശം എനിക്ക് മനസ്സിലായത് . മണ്ഡല കാലമായാൽ പിന്നെ മാല ഇട്ട് ശബരി മലക്ക് പോകാൻ നിയ്യത്തും വെച്ചിരിക്കുന്ന പുരുഷന്മാരുള്ള വീട്ടില് മെൻസസ് ആയ സ്ത്രീകൾ താങ്ങാൻ പാടില്ല എന്ന വിശ്വാസമാണ് ഇവരെ വീട് വിട്ട് എൻറെ വീട്ടിലെത്തിക്കുന്നത് എന്ന് .
മകര വിളക്കിന് , ശബരി മലക്ക് പോയി തിരിച്ച് വരുമ്പോൾ ചീരു ഏട്ടത്തി കൊണ്ട് വന്ന് തരാറുള്ള കടുക് മണി നിറച്ച ബലൂണും , അരി പൊരിയും , കുട്ടിക്കാലത്ത് എൻറെ മനസ്സ് നിറച്ച , ഇന്നും മനസ്സിന് കുളിരേകുന്ന ഓർമ്മകളാണ് . വറുതിയുടെ നാളുകളിൽ , ചക്ക കൊയ്താൽ പകുതി മുറിച്ച് പരസ്പരം കൈമാറുമായിരുന്നു  . അരി തീർന്നാൽ , പുളി തീർന്നാൽ അടുത്ത വീട്ടിൽ അന്വേഷിച്ച് പോവുമായിരുന്നു . പുര മേയാൻ മെടഞ്ഞ തെങ്ങോല ഉമ്മ അങ്ങോട്ട്‌ കൊടുത്ത് സഹായിക്കുമ്പോൾ , കൂട മേയാൻ കൈ മെയ് മറന്ന് വാസുവും ബാലനും പ്രതിഫലം മോഹിക്കാതെ കൈ മെയ് മറന്ന് സഹായിക്കുമായിരുന്നു .  




Friday, November 27, 2015

മദ്രസ ഓർമ്മകൾ ..

മദ്രസ ഓർമ്മകൾ ..

മദ്രസയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് പറമ്പിലെ തെങ്ങിൻ തോപ്പിലെ ചുവന്ന നമ്പർ പതിച്ച ഉശിരുള്ള തെങ്ങിനെയാണ് . തെങ്ങിന് വളം ഇടാൻ വരുമായിരുന്ന  വാസു വിനോട് ഉമ്മ ഇങ്ങനെ പറയും . " അത് മദ്രസേലെ തെങ്ങാന്നേ  വാസൂ , അയിന് ഒരു കൊട്ട കൂടുതൽ ഇട്ടോളേ ". തെങ്ങിൻ തോപ്പിൽ നല്ല ജോറുള്ള ഒരു തെങ്ങ് മദ്രസയിലേക്ക് നെർച്ചയാക്കിയതാ . അങ്ങനെ എല്ലാ പറമ്പിലുമുണ്ടാവും മദ്രസയിലേക്ക് നേർച്ച നേർന്ന ഒന്നോ രണ്ടോ വീതം തെങ്ങുകൾ . തേങ്ങ പറിപ്പിക്കാൻ വരുമായിരുന്ന പുളിയനാണ്ടി അമ്മദ് ക്ക .  തെങ്ങ് കയറ്റക്കാരനെയും കൂട്ടി എല്ലാ പറമ്പിലും പോയി തേങ്ങ കൊയ്യിക്കും . അത് സ്വരൂപിച്ച് കൂട്ടി വിറ്റ് കിട്ടുന്ന പൈസ കൊണ്ടായിരുന്നു അന്ന് മദ്രസയുടെ നിത്ത്യ ചെലവ് നടത്തിയിരുന്നത് .
പാറക്കടവ് അങ്ങാടിയുടെ മധ്യ ഭാഗത്ത് ഇന്ന് മദ്രസാ വാടക കെട്ടിടം നിൽക്കുന്ന സ്ഥലത്തായിരുന്നു എൻറെ ഓര്മ്മയിലെ ആദ്യ കാല മദ്രസ . പിന്നീട് പുതിയ കെട്ടിടം പണികയിഞ്ഞപ്പോൾ  അവിടത്തേക്ക് മാറിയത്  ഓർമ്മയിൽ തെളിഞ്ഞ് നിൽക്കുന്നു . പുതിയ മദ്രസയുടെ ഉൽഘാടനം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നിർവഹിച്ച ആ ശുഭ മുഹൂർത്തം ഞങ്ങൾ കുട്ടികൾക്ക് ആഘോഷ ദിവസമായിരുന്നു . പുത്തനുടുപ്പ്‌ ധരിച്ചാണ് ഞങ്ങളൊക്കെ അന്ന് മദ്രസയിൽ എത്തിയത്  . വർണ്ണ കടലാസുകൾ കൊണ്ട് അലങ്കരിച്ച പുതിയ മദ്രസയിൽ കാലു കുത്തിയ ആ നിമിഷം മനസ്സ് നിറയെ പുതിയ വർണ്ണങ്ങളായിരുന്നു .
രാവിലെ ഒരു കൈയിൽ രണ്ട് കുപ്പി പാലും , പറമ്പിലെ വലിയ കറിവേപ്പ് മരത്തിൽ നിന്നും പറിച്ചെടുത്ത ഒരു കെട്ട് കറിവേപ്പിലയും , മറു കൈയിൽ പുസ്തക കെട്ടുമായാണ് മദ്രസയിലേക്കുള്ള പോക്ക് . കറിവേപ്പിലയും , പാലും കേരളാ ഹോട്ടലിൽ കൊടുത്ത് കുറിപ്പ് വങ്ങിയിട്ട് നേരെ മദ്രസയിലേക്ക് . മദ്രസ വിട്ട് വരുമ്പോൾ കുറിപ്പ് തിരിച്ച് കൊടുത്ത് കാശ് വാങ്ങണം .  ഫാതിഹാ ഓതി തുടങ്ങി സ്വലാത്ത് ചൊല്ലി പിരിയുന്ന മദ്രസ . പുറത്ത് വരാന്തയിൽ തൂക്കിയിട്ട ഒരു വലിയ ഇരുമ്പ് പലകയിൽ മണി അടിക്കാൻ വേണ്ടി ഉസ്താദ് പറയുമ്പോൾ പുറത്തേക്ക് ഓടാൻ മത്സരിക്കുമായിരുന്നു ഞങ്ങൾ . മദ്രസാ ലീഡർ ആയി തെരഞ്ഞെടുത്തപ്പോൾ എന്തെന്നില്ലാത്ത അഭിമാനം .  പുതിയ കുട്ടികളെ ചേർത്താൻ വരുന്ന രക്ഷിതാക്കൾ   പാരിതോഷികമായി സമർപ്പിക്കുന്ന മിഠാ യികൾ എല്ലാ ക്ലാസിലും പോയി വിതരണം ചെയ്യാൻ ഉസ്താദ് എന്നെ ഏല്പിക്കുമ്പോൾ തോന്നുന്ന സന്തോഷം ആ മിഠാ യോളം തന്നെ മാധുരമേറിയാതായിരുന്നു .  
ഹക്കും ബാത്തിലും ,പഠിപ്പിച്ച മദ്രസ . മൂത്തവരെ ഭഹുമാനിക്കണമെന്നും, ചെറിയവരെ ആധരിക്കണമെന്നും , അന്യൻറെ മുതൽ അപഹരിക്കൽ ഹറാമാണെന്നും പഠിപ്പിച്ച മദ്രസ . ഉമ്മാൻറെ കാലിനടിയിലാണ് സ്വർഗമന്ന്  മദ്രസയിൽ ഞാൻ പഠിച്ചു . ക്ഷമ ഈമാനിൻറെ പകുതിയാണെന്ന് തുടങ്ങി എൻറെ സംസ്കാര സമ്പത്തിനെ സമ്പന്നമാക്കിയ ഒരു പാട് അറിവുകൾ പകർന്ന് തന്ന മദ്രസ .
വിദൂര ദിക്കുകളിൽ നിന്ന് വന്ന് തുച്ചമായ വേതനത്തിന് ആത്മാർഥമായി അറിവ് പകർന്ന് നൽകിയ ഒരുപാട് ഉസ്താതുമാർ . കെ പി ഉസ്താദ് , കുഞ്ഞബ്ദുള്ള ഉസ്താദ് , ആലി ഉസ്താദ് , ഇബ്രാഹിം ഉസ്താദ് ..അങ്ങിനെ നീണ്ട നിര . ഉസ്താദ്മാർക്ക് ഭക്ഷണം അടുത്തുള്ള വീടുകളിലായിരിക്കും .
കൈഎഴുത്തും , തേങ്ങാ ചോറും മറക്കാൻ പറ്റാത്ത ഒരമ്മയാണ് .  കൈഎഴുത്ത് ദിവസം ഉസ്താദുമാർക്ക് ദക്ഷിണ കൊടുക്കും . ചിലപ്പോൾ അഞ്ചോ പത്തോ ഉറുപ്പിക , അല്ലെങ്കിൽ ഒരു തേങ്ങ . കൈഎഴുത്ത് ദിവസം കൈയിൽ ഉസ്താദുമാർ എഴുതി തരുന്ന എഴുത്ത് മാഞ്ഞ് പോകാതെ സൂക്ഷിച്ച് ഉമ്മയെ കാണിക്കാൻ വീട്ടിലേക്ക് ഓടിയ നിമിഷങ്ങൾ . "ഹാദാ യൗമുൽ ഹജ്ജുൽ അക്ബർ" എന്നാണെന്ന് തോന്നുന്നു കൈയിൽ ഉസ്താദുമാർ എഴുതി തന്നിരുന്നത് . കൈഎഴുത്ത് ദിവസത്തെ തേങ്ങാ ചോറ് . തൊട്ടടുത്ത വീട്ടിൽ വെച്ചായിരിക്കും തേങ്ങാ ചോറ് വിതരണം . തേങ്ങാ ചോറും ,ചിരട്ടയിലെ കുടിവെള്ളവും  മധുര മനോഹരമായിരുന്നു .
ഇടവേള സമയത്ത് കിട്ടുന്ന അര മണികൂർ സമയം ആഹ്ലാദകരമായിരുന്നു . ഇഞ്ചിബറുബ മിഠായി വിൽക്കുന്ന പ്രായമായ സൈക്കിൾ കാരൻ . തൊട്ടടുത്ത വീട്ടിലെ മുട്ട പഴം പെറുക്കൽ , തൈക്കണ്ടി അബ്ദുള്ള യുടെ മാങ്ങക്ക് ഏറിയൽ . ഇരഞ്ഞി , മഞ്ചാടി തുടങ്ങി എല്ലാ ഇടത്തും എത്തുമായിരുന്നു ആ അര മണികൂർ കൊണ്ട് .
നബിദിനം . നാലാളുകളുടെ മുന്നില് നിന്ന് സംസാരിക്കാൻ എന്നെ പഠിപ്പിച്ചത് നബിദിന ദിവസം അവതരിപ്പിച്ച കൊച്ചു പ്രസംഗങ്ങളായിരുന്നു . രാവിലെ കുളിച്ചൊരുങ്ങി ആഹ്ലാദ പൂർവം നബിദിന ദിവസം മദ്രസയിൽ എത്തിയാൽ പിന്നെ പതാക ഉയർത്തൽ . ശേഷം വരിവരിയായി പാറക്കടവ് പള്ളിയിലേക്കുള്ള സിയാറത്ത് ഘോഷയാത്ര . മൌലിദ് പാരായണം . വൈകുന്നേരം കലാ പരിപാടികൾ അവതരിപ്പിക്കൽ . മുട്ട് വിറച്ചാണെങ്കിലും അവതരിപ്പിച്ച കലാ പരിപാടിക്ക് അംഗീകാരമായി രാത്രി വൈകി സമ്മാനം കിട്ടുമ്പോൾ അഭിമാനം തോന്നിയിട്ടുണ്ട് . ചിലപ്പോൾ ഒരു സോപ്പ് അല്ലേൽ ഒരു ഗ്ലാസ് . ഗ്ലാസിനും സോപ്പിനും മനസ്സിൽ ലോക കപ്പിനെക്കാളും വിലയായിരുന്നു . അവാസാനം ഇന്ന് നബിദിനമായതിനാൽ നാളെ മദ്രസക്ക് അവധി യാണെന്ന് മൈക്കിലൂടെ ഉസ്താദ് പറയുമ്പോൾ  മനസ്സില് ഒരു പ്രത്ത്യേക സന്തോഷം .
ഓർക്കാൻ ഒരുപാട് മധുരിക്കും ഒർമ്മകൽ സമ്മാനിച്ചതായിരുന്നു മദ്രസാ കാലം . പകർത്താൻ ഒരുപാട് അറിവുകൾ സമ്മാനിച്ചതായിരുന്നു മദ്രസാ കാലം .








Tuesday, October 6, 2015

തിരഞ്ഞെടുപ്പ് അനുഭവം .. ഓർമ്മ



അന്നൊക്കെ തെരഞ്ഞെടുപ്പ് അടുത്താൽ പിന്നെ രാത്രി വൈകുന്നത് വരെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലായിരിക്കും . രാത്രി സമയങ്ങളിൽ ബൂത്ത് കമ്മറ്റി ,പിരിവ് , തുടങ്ങി പലവിധ ജോലികൾ .പകൽ സമയങ്ങളിൽ സ്ഥാനാർഥി പര്യടനം , പൊതു യോഗം ,തുടങ്ങി പല വിധ തിരക്കുകൾ .  ജീപ്പിന് മുകളിൽ കമിഴ്ത്തി കെട്ടിയ ഇരുമ്പ് ടാബിളിനു മുകളിൽ  രണ്ട് കോളാമ്പി മൈക്ക് കെട്ടിയ ജീപ്പ് പ്രവർത്തന സജ്ജമായാൽ പിന്നെ എൻറെ ജോലി ആ ജീപ്പിലാണ് .  ശാന്തിയുടെയും സമാധാനത്തിന്റെയും അടയാളമായ കൈപ്പത്തി അടയാളത്തിൽ നിങ്ങളുടെ വിലപ്പെട്ട വോട്ടവകാശം രേഖപ്പെടുത്തി .....തുടങ്ങി പല വിധ ഡയലോഗുകൾ തൊണ്ട പൊട്ടുമാർ ഉച്ചത്തിൽ അലറി വിളിച്ച് വഴികളായ വഴികളൊക്കെയും ഓടി നടക്കും . ബൂത്ത് കമ്മറ്റികൾക്കുള്ള പോസ്റ്ററുകൾ എത്തിച്ച് കൊടുക്കൽ , പ്രവർത്തനങ്ങൾ നിരീക്ഷിക്കൽ . തുടങ്ങി ജീപ്പിൽ ഓടി എത്തി പല വിധ പ്രവർത്തങ്ങൾ .  സ്ഥാനാർഥി പര്യടനത്തിന്റെ വരവറിയിച്ച് കൊണ്ട് ഇതാ ഇത് വഴി കടന്ന് വരുന്നു എന്ന അറിയിപ്പുമായി ജീപ്പ് സ്വീകരണ കേന്ദ്രത്തിലേക്ക് കുതിക്കും . ആളും അവസരവും നോക്കി ജീപ്പിൽ നിന്നിറങ്ങി റോഡരികിൽ നിന്ന് അറിയാവുന്നതും അറിയാത്തതൊക്കെ എടുത്ത് പ്രയോഗിച്ച് പ്രസംഗം തുടങ്ങും . സ്ഥാനാർഥി യുടെ വാഹന വ്യൂഹം എത്തിയാൽ പിന്നെ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങും .  ഇതാ ഈ വഴിത്താരകളെ ധന്ന്യമാക്കി കൊണ്ട് കടന്ന് വരുന്നു ....
യു ഡി എഫ് സർക്കാർ കേരളത്തിൽ ചാരായം നിരോധിച്ചതിന് ശേഷം വന്ന നിയമസഭാ തിരഞ്ഞെടുപ്പ് വേള .തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പതിവ് പോലെ ജീപ്പ് തയ്യാർ . കേരളത്തിലെ അങ്ങോളമിങ്ങോളം ചാരായ ഷാപ്പുകൾ നിരോധിച്ച് ലക്ഷക്കണക്കിന്‌ അമ്മമാരുടെ കണ്ണ് നീരൊപ്പിയ ആന്റണി സർക്കാരിനെ അധികാരത്തിലേറ്റാൻ നിങ്ങളുടെ വിലപ്പെട്ട വോട്ടുകൾ ശാന്തിയുടെയു സമാധാനത്തിന്റെയും അടയാളമായ കൈപ്പത്തി അടയാളത്തിൽ രേഖപ്പെടുത്തി ...തുടങ്ങി പലവിധ വാചക കസർത്തുകളുമായി നാട് ചുറ്റുകയാണ് . സാധാരണ മിക്ക തിരഞ്ഞെടുപ്പുകളിലും  പഞ്ചായത്തിലെ എല്ലാ  വഴികളെ കുറിച്ചും നല്ല പരിചയമുള്ള ഗുരു എന്ന അഷ്‌റഫിനെയും  അയാളുടെ ജീപ്പിനെയുമാണ് ആശ്രയിച്ചിരുന്നത്  . ഈ തിരഞ്ഞെടുപ്പിൽ ഗുരുവിന് ചില അസൌകര്യങ്ങൾ ഉള്ളത്   കൊണ്ട് അത്രയൊന്നും പരിചയമില്ലാത്ത ഇസ്മായിൽ എന്നയാളും , ബാവുവിന്റവിട മൂസ്സ ഹാജിയുടെ പുതിയ ജീപ്പുമാണ് പോന്നിരുന്നത് . തിരഞ്ഞെടുപ്പ് ആരവം കനത്തു . വിശ്രമമില്ലാത്ത ഓട്ടം . സ്ഥാനാർഥി പര്യടനം  തകൃതിയായി നടക്കുന്നു . ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർഥിയുടെ വാഹന വ്യൂഹം എത്തുംപോയത്തെക്കും  ഞങ്ങൾ അടുത്ത കേന്ദ്രത്തിലേക് നീങ്ങി കൊണ്ടിരുന്നു . ജീപ്പിൽ നിരവധി പോസ്റ്ററുകൾ , ചിഹ്നനങ്ങൾ , ബാനറുകൾ തുടങ്ങി ബൂത്ത് കമ്മറ്റികൾക്ക് നൽകേണ്ട നിരവധി വസ്തുക്കൾ നിറച്ചിട്ടുണ്ട് . ഉച്ച ഭക്ഷണം കുറുവന്തേരി . വിശ്രമ ശേഷം കവിലോട്ടു താഴ എന്ന കുന്നിൻ പ്രദേശത്ത് സ്വീകരണം .ഭക്ഷണ ശേഷം അധികം കാത്ത് നിൽക്കാതെ ഞങ്ങൾ ജീപ്പിൽ സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങി . വിളക്കോട്ടൂർ വഴി അൽപ്പം സഞ്ചരിച്ചാൽ പിന്നെ കൈ വരി ഇല്ലാത്ത ഒരു പാലം കടന്ന് വേണം അടുത്ത സ്വീകരണ കേന്ദ്രത്തിലെത്താൻ . നല്ല ബാലൻസുള്ളവർക്ക്  മാത്രമേ പാലത്തിലൂടെ ജീപ്പ് അക്കരെ കടത്താൻ സാധിക്കൂ . ഗുരു സാധാരണ അനായാസം ജീപ്പ് ഓടിച്ച് പോകാറുള്ള പാലം കണ്ടതോടെ ഇസമായിൽ വിറച്ചു . പാലം കടക്കാൻ നടത്തിയ മൂന്ന് ശ്രമങ്ങളും പരാചയപ്പെട്ടതോടെ നല്ല ഒരു പാട്ടും വെച്ച് സ്ഥാനാർഥി യുടെ വാഹന വ്യൂഹത്തിന്റെ വരവും പ്രതീക്ഷിച്ച് ഞങ്ങൾ വിശ്രമം തുടങ്ങി . ഒരു അഞ്ച് നിമിഷം കഴിഞ്ഞതേ ഉള്ളൂ . അക്കരെ നിന്നും ഒരു ജീപ്പ് പാലത്തിന് അടിയിൽ വെള്ളത്തിലൂടെ അനായാസം ഇക്കരെക്ക് കടന്ന് വന്നു . ഇത് കണ്ട ഞങ്ങൾ ഹ ഇതിനാണോ നമ്മൾ ഇങ്ങിനെ എന്നും പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തു പാലത്തിന് അടിയിൽ വെള്ളത്തിലേക്ക് ഇറക്കി . വെള്ളത്തിൽ പാലത്തിന്റെ തൂണിന് വലത് വശത്ത് കൂടിയാണ് മുമ്പ് ആ ജീപ്പ് കടന്ന് പോയത് . തൂണിന് അടുത്തെത്തിയതും എന്നെ ആശ്ചര്യപ്പെടുത്തി കൊണ്ട് ഇസ്മായിൽ വണ്ടി എടുത്തത്തൂണിന്റെ  ഇടത് വശത്ത് കൂടെ . പിന്നെ എന്ത് പറയാൻ . വണ്ടി  വെള്ളത്തിന് അടിയിലേക്ക്  താഴ്ന്ന് ഇറങ്ങി . ഒരു വിധത്തിൽ ഞങ്ങൾ രണ്ട് പേരും നീന്തി കരക്ക് കേറി . കരയിൽ കൽ പണി ചെയ്ത് കൊണ്ടിരുന്നവർ ഓടി എത്തി . എതിർ രാഷ്ട്രീയ പർട്ടിക്കാരയത് കൊണ്ട്  അവരുടെ വക പരിഹാസങ്ങൾ . കൈപത്തി ചിഹ്നം പുഴയിലൂടെ ഓടി നടക്കുന്നു . വണ്ടിയും മൈക്കും വെള്ളം കേറി നിശ്ചലമായി .  വണ്ടി പൂർണ്ണമായും വെള്ളത്തിനടിയിലാണ് . വണ്ടിക്ക് മുകളിലുള്ള ടാബിളും കോളാമ്പി മൈക്കും പുറത്ത് കാണാം . ഇസമായിൽ നിന്ന് വിറക്കുകയാണ് . മൂസ്സ ഹാജിയുടെ പുതിയ ജീപ്പ് . തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകണ്ടാന്ന് മൂസ്സ ഹാജി വിലക്കിയതാ . ഇസ്മായിൽ പരിഭവിക്കുന്നു . തൊട്ടടുത്ത നിമിഷം അതാ കടന്ന് വരുന്നു സ്ഥാനാർഥി യുടെ വാഹന വ്യൂഹം .  പുഴ ക്കരയിലെത്തിയ നേതാക്കൾ കാണുന്നത് പുഴയിലൂടെ ഒഴുകി നടക്കുന്ന കൈപ്പത്തി ചിഹ്നങ്ങളാണ് . കരയിൽ നനഞ്ഞ് കുളിച്ച് ഞങ്ങൾ രണ്ട് പേരും . പിന്നെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ടാബിളും കോളാമ്പി മൈക്കും .  തിരഞ്ഞെടുപ്പ് പ്രചരണ വേളയിയിലെ കൈപ്പേറിയ അനുഭവം .