പ്രായാധിക്യത്താൽ അത്തും പിത്തും പറഞ്ഞ് കൊണ്ടേയിരിക്കുന്ന ഉപ്പാപ്പാനെയാണെനിക്ക് ഓർമ്മയുള്ളത് . മനോഹരമായി പണിതീർത്ത ഒരു താങ്ങ് വടിയും , വെറ്റില മുറുക്കാൻ പെട്ടിയും , മുറുക്കാൻ ഇടിക്കാനായുള്ള ചെറിയ ഒരു ഉരലും ,ഒരു ഇരുമ്പ് ഉലക്കയും , കൂടാതെ ചെമ്പ് തകിട് കൊണ്ട് മനോഹരമാക്കിയ ഒരു ചെറിയ പെട്ടിയുമൊക്കെയായി വീടിൻറെ ചായ്പ്പിൽ കഴിച്ചു കൂട്ടുന്ന ഉപ്പാപ്പ . ചെമ്പ് തകിട് കൊണ്ട് മനോഹരമാക്കിയ ആ പെട്ടി ഉപ്പാപ്പ എപ്പോയും വളരെ ഭദ്രമായി സൂക്ഷിച്ചു വെക്കും .ആ പെട്ടി ആരെങ്കിലും തൊടാൻ ചെന്നാൽ ഉപ്പാപ്പ അവരോടു ദേഷ്യപ്പെടും . ആ സൂക്ഷിപ്പ് കണ്ടത് കൊണ്ട് തന്നെ കുട്ടിയായ ഞാൻ പെട്ടി കൈക്കലാക്കാൻ പലപ്പോയും ശ്രമങ്ങൾ നടത്തിയിട്ടുണ്ട് . എല്ലായിപ്പൊയും ഉപ്പാപ്പ യാൽ ഞാൻ പിടിക്കപ്പെടും . പെട്ടി എടുക്കാൻ തുനിയുന്ന എന്നെ കണ്ടാൽ ഉപ്പാപ്പ ഇങ്ങിനെ പറയും .." "മറിയേ" (മറിയം എൻറെ ഉമ്മ ) അൻറെ പെട്ടിയാറ്റം ഇൻറെ മോൻ തൊട്ട്ക്ക്ണ്ണ്ടെങ്കിൽ ഓനെ ഞാൻ അടിക്കുഏ .(എൻറെ പെട്ടിയെങ്ങാനും നിൻറെ മകൻ തൊട്ടാൽ അവനെ ഞാൻ അടിക്കും) . അത് തുറന്ന് നോക്കാനുള്ള അതിയായ ആഗ്രഹം മനസ്സിലുണ്ടെങ്കിലും ഉപ്പാപ്പാൻറെ ജാഗ്രത അതിനൊരു തടസ്സമായി .
അങ്ങിനെയിരിക്കെ ഒരു ദിവസം ഉപ്പാപ ഇഹലോക വാസം വെടിഞ്ഞു . നൂറ്റി അഞ്ചിലോ മറ്റോ ആണ് ഉപ്പാപ്പ ഇഹലോകം വെടിഞ്ഞത് . കുട്ടി ആയതു കൊണ്ട് തന്നെ മരണം എന്ന യാഥാർത്ഥ്യത്തിൻറെ ഘൗരവം ഞാൻ ഉൾകൊണ്ടിരുന്നില്ല . മരണ ദിവസവും , കണ്ണോക്കും , ദുആരകലും , കഴിഞ്ഞു . വീട്ടിൽ നിന്ന് ബന്ധുക്കളൊക്കെ പിരിഞ്ഞ് പോയി . അനാഥമായി കിടക്കുന്ന പെട്ടിയും , ഉരലും , ഉലക്കയുമൊക്കെ ,കാണുമ്പോൾ ഞാൻ ഉമ്മയോട് ചോദിക്കും . ഉമ്മാ ഉമ്മാ ഇനി ഉപ്പാപ്പ വരില്ലേ.. ??. "ഉപ്പാപ്പ മരിച്ചു പോയില്ലേ മോനേ ,,?ഉപ്പാപ്പ ഇനി വരില്ല" എന്ന് ഉമ്മ പറഞ്ഞു തരും . ഉപ്പാപ്പ ഇനി വരില്ലെന്നറിഞ്ഞത് കൊണ്ടും ,മരണമെന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞത് കൊണ്ടും പെട്ടി തുറക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിട്ടും ഞാൻ പുറത്ത് പ്രകടിപ്പിക്കാതെ ദിവസങ്ങൾ ഞാൻ പിടിച്ച് നിന്നു .
ദിവസങ്ങൾക്ക് ശേഷം ഞാൻ പെട്ടി തുറക്കാനുള്ള ആഗ്രഹം ഉമ്മാൻറെ മുന്നിലേക്കിട്ടു . ഉമ്മാ ഉമ്മാ ..
ഉപ്പപ്പാൻൻറെ ആ പെട്ടി ഞാൻ തുറന്നോട്ടെ ..??
" അയിലൊന്നും ഉണ്ടാഊലാനേ" "ഇനിക്ക് പെരാന്തുണ്ടോ" , "ഉപ്പാപ്പാൻറെ കൊണ്ടാട്ക്കല് കണ്ടിട്ടാ " " അനക്കെന്താ ഇഞ്ഞ് തുറന്നോയിക്കൊ " ഉമ്മ പറഞ്ഞു .
( അതിൽ ഒന്നും ഉണ്ടാവൂല , ഇനിക്ക് ബ്രന്തുണ്ടോ ,ഉപ്പപ്പാൻറെ സൂക്ഷിപ്പ് കണ്ടിട്ടാണോ .?? എനിക്കെന്താ നീ തുറന്ന് നോക്കിക്കോ ..)
കേട്ട പാടെ ഞാൻ ഓടി പോയി പെട്ടി തുറക്കാൻ ശ്രമിച്ചു . താക്കോൽ തുരുമ്പെടുത്തത് കൊണ്ട് എത്ര ശ്രമിച്ചിട്ടും പെട്ടി തുറക്കാൻ പറ്റുന്നില്ല . കുറെ ശ്രമിച്ചു നോക്കി . തുറക്കാൻ പറ്റുന്നില്ല . പെട്ടി തുറക്കാനുള്ള ശ്രമം പരാജയപെട്ടപ്പോൾ ഉമ്മയോട് സഹായം അഭ്യർത്തിച്ചു . ഉമ്മയും കുറേ ശ്രമിച്ചു നോക്കി . തുറക്കാൻ പറ്റുന്നില .
"എന്നാ പിന്നെ ഇഞ്ഞ് അങ്ങാടിയിലെ കൊല്ലൻറെട്ത്ത് കൊണ്ടോയി നോക്ക് " "ഓനിങ്ങ് തൊറന്നു തരും "..( എന്നാൽ പിന്നെ നീ അങ്ങാടിയിലെ കൊല്ലൻറെ അടുത്ത് കൊണ്ട് പോയി നോക്ക് , അവൻ തുറന്ന് തരും ) ഉമ്മ പറഞ്ഞു .
കേട്ട പാടെ പെട്ടിയുമെടുത്ത് ഞാൻ അങ്ങാടിയിലേക്ക്ഓടി .
ഓടി കിതച്ച് ഞാൻ പാറക്കടവ് അങ്ങാടിയുടെ തുടക്കത്തിൽ പൊറുക്കൻ പീടികയിലെ കൊള്ളുമ്മൽ (പറമ്പ് ) അന്നുണ്ടായിരുന്ന കൊല്ലൻറെ കടയിലെത്തി . നിർഭാഗ്യമെന്ന് പറയട്ടെ കട പൂട്ടിയിരിക്കുന്നു . മരപ്പലകകൾ കൊണ്ട് അടിച്ചുണ്ടാക്കിയ ചെറിയ വാതിൽ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നു . അകത്ത് ഇരുമ്പ് ചുട്ടെടുക്കാൻ വേണ്ടി തയ്യാറാക്കിയ ചൂളയിൽ നിന്ന് തീ പുകയുന്നുണ്ട് . കട പൂട്ടിയിട്ട് അധിക നേരമായിട്ടില്ലെന്ന് ചൂളയിലെ തീ കണ്ടതിൽ നിന്നും ഞാൻ മനസ്സിലാക്കി .
" അപ്പണത്തെക്കും ഈ ബലാല് എടിയാ പോയത് " ( അപ്പൊയത്തെക്കും ഈ ബലാല് എവിടയാ പോയത് ) മനസ്സിൽ പിറുപിറുത്ത് കൊണ്ട് ഞാൻ പെട്ടിയുമായി റോഡിലേക്കിറങ്ങി . പാറക്കടവ് വലിയ പള്ളിക്കടുത്തുള്ള കുഞ്ഞ്യേറ്റിക്ക യുടെ (ബവുന്നപൊയിൽ ) പലഹാരക്കടയിൽ ചിലപ്പോയൊക്കെ ബന്നും , റസ്ക്കും, വാങ്ങിക്കാൻ പോയപ്പോൾ , കൊല്ലൻ അവിടെ ഇരുന്നു കുഞ്ഞ്യേറ്റിക്കയുമായി സൊറ പറയുന്നത് കാണാറുള്ളത് ഓർമ്മയിൽ വന്നു . ഏതായാലും അവിടെ ഒന്ന് അന്വേഷിക്കാം ... പെട്ടി തുറക്കാനുള്ള അത്ത്യാഗ്രഹം മനസ്സിലൊതുക്കി ഞാൻ നേരെ ബാക്കറിയിലേക്ക് ഓടി . ഓടി കിതച്ച് ബാക്കറി യിലെത്തിയ ഞാൻ കുഞ്ഞ്യേറ്റിക്കയൊട് കൊല്ലനെ കുറിച്ച് ചോദിച്ചു .
അല്ല കുഞ്ഞ്യേറ്റിക്കാ ..
ഇങ്ങൾ കൊല്ലനെ കണ്ടോ ..??
ഇല്ലെടോ ഒനിന്നിങ്ങോട്ട് മന്ന്ക്കില്ല ..( അവൻ ഇങ്ങോട്ട് വന്നിട്ടില്ല ).
കുഞ്ഞ്യേറ്റിക്ക പറഞ്ഞു .
ഇത് കേട്ട ഞാൻ നിരാശയോടെ അവിടെ നിന്നും തിരിച്ചിറങ്ങാൻ നേരത്ത് കുഞ്ഞ്യേറ്റിക്ക എന്നോട് ചോദിച്ചു ..
അല്ലെടോ .. ഇനിക്കെന്താ ഓന ക്കൊണ്ട് ഇത്തിര അത്ത്യാവശ്യം .(നിനക്കെന്താ അവനെ കൊണ്ട് ഇത്ര അത്യാവശ്യം )
അത് .. ഉപ്പാപ്പാൻറെ ഒരു പെട്ടി ഉണ്ടേനും . അത് തൊറക്കാൻ പറ്റുന്നില്ല .ഓനെ ക്കൊണ്ട് തൊറപ്പിക്കനായിരുന്നു .ഞാൻ പറഞ്ഞു .
ഇഞ്ഞ് ആ പെട്ടി ഇങ്ങെടുക്ക്
ഞാനൊന്ന് നോക്കട്ടെ .
പെട്ടി ഞാൻ കുഞ്ഞ്യേറ്റിക്ക യുടെ കൈയിലേക്ക് കൊടുത്തു .
കുഞ്ഞ്യേറ്റിക്ക താക്കോലിട്ടു ശ്രമിക്കേണ്ട താമസം പെട്ടി തുറന്നു ...!!
ഇത് തുറപ്പിക്കാനാണോ ഇഞ്ഞ് കൊല്ലനെ നോക്കി നടന്നത് .. എന്നും പറഞ്ഞ് പെട്ടി എൻറെ കൈയിലേക്ക് തന്നു .. ഞാൻ ആശ്ചര്യത്തോടെ പെട്ടിയിലേക്ക് നോക്കി ..!! പത്ത് പതിനഞ്ചു ഓട്ട മുക്കാൽ ( അന്ന് പ്രഭല്യത്തിൽ ഇല്ലാത്ത നാണയം ) , കാണാൻ ഭംഗിയില്ലാത്ത രണ്ട് മോതിരക്കല്ല് , ഒരു ചരട് .എന്നിവ . മാത്രം ..!! ഞാൻ മനസ്സിൽ ആഗ്രഹിച്ച ഒന്നുമില്ല പെട്ടിയിൽ ..!!
എൻറെ മുഖത്ത് പ്രകടമായ നിരാശ ,കുഞ്ഞ്യേറ്റിക്ക മനസ്സിലാക്കി .. ഭരണിയിൽ നിന്നും ഒരു ബിസ്കറ്റ് എടുത്ത് എനിക്ക് തന്നിട്ട് കുഞ്ഞ്യേറ്റിക്ക പറഞ്ഞു .. "ബ്എം ,പെടക്കുഎം ചെയ്യാതെ , ബേഗം പൊരെലേക്കു പോട് , ഇബ്രാഹി മോനെ " ( വീയുകയും , പിടക്കുകയും , ഒന്നും ചെയ്യാതെ ബേഗം വീട്ടിലേക്കു പോട്ഇബ്രാഹിംൻറെ മകനെ )....
ഇങ്ങോട്ട് വന്ന ആവേശം ഒന്നും തിരിച്ച് പൊക്കിനില്ലായിരുന്നു .. ഇത്രയും സുഗമമായിട്ടു തുറക്കാൻ പറ്റുമായിരുന്ന പെട്ടി തുറക്കാൻ വേണ്ടി കൊല്ലനെ തിരഞ്ഞ് പോയതിലുള ജാള്യത , രണ്ടാമതായി ഞാൻ മനസ്സിൽ കരുതിയത് ഒന്നും പെട്ടിയിൽ ഇല്ലാതെ പോയതിലുള്ള നിരാശ .. വീട്ടിലെത്തിയ എന്നെ കണ്ട ഉമ്മാക്കും മനസ്സിലായി എൻറെ സങ്കടം .. ഒരു രണ്ട് രൂപ എനിക്ക് സമ്മാനിച്ചിട്ട് ഉമ്മ എന്നെ ആശ്വസിപ്പിച്ചു ..രണ്ട് രൂപ കിട്ടിയതോടെ ഞാൻ എല്ലാം മറന്നു . രണ്ട് രൂപയ്ക്ക് അന്ന് ഒരു പാട് മിട്ടായി കിട്ടുമായിരുന്നു .
കുഞ്ഞ്യേറ്റിക്ക പിന്നീട് എന്നെ എവിടെ കണ്ടാലും ചോദിക്കും ... "അല്ല ഇബ്റായി മോനെ" .. "പെട്ടി ഒന്നും ഇല്ലേ തൊറക്കാൻ" .ഒരു ചെറു ചിരി സമ്മാനിച്ച് കൊണ്ട് ഞാൻ ഓടി മറയും . അവസാനമായി കുഞ്ഞ്യേറ്റിക്ക അസുഖം ബാധിച്ച് കിടപ്പിലായപ്പോൾ , അൽപ്പം കൂടി മുതിർന്ന ഞാൻ സന്ദർശിക്കാൻ പോയിരുന്നു . അപ്പോയും കുഞ്ഞ്യേറ്റിക്ക എന്നോടായി ചോദിച്ചു .."അല്ല ഇബ്റായി മോനെ .. പെട്ടി ഒന്നുമില്ലേ തുറക്കാൻ "...
...................................................................................................................................................................................... അന്നത്തെ ആ ഞാനാ ഇന്നത്തെ ഈ ഞാ ____________ ____________ ൻ