Pages

Thursday, June 6, 2013

ദുനിയാവ് കുല്ലും ഫിതിന

ദുനിയാവ് കുല്ലും ഫിതിന



നാട്ടിൽ  അത്യാവശ്യം മാന്യനായി നടന്നിരുന്ന ആളാണ് .  പ്രത്യേഗിച്ച് ജോലിയൊന്നുമില്ലെങ്കിലും  വീട്ടുകാര്യങ്ങളൊക്കെ  നോക്കി നല്ല രീതിയിൽ മുന്നോട്ടു പോകുന്നു .പെട്ടെന്നാണ് മാറ്റങ്ങൾ കണ്ടുതുടങ്ങിയത് . ഈ അടുത്ത് അജ്മീർ ദർഗയിലേക്ക്‌ ഒരു യാത്രപോയിരുന്നു . രണ്ടുമൂന്ന് മാസം അവിടെ തങ്ങി .നാട്ടുകാരുടെയും ,വീട്ടുകാരുടെയും നിരന്തര അഭ്യർത്ഥന മാനിച്ചു നാട്ടിലേക്ക് തരിച്ച് വന്നതാ .  അന്നുമുതൽ  തുടങ്ങിയതാ നടത്തത്തിലും ,സംസാരത്തിലും ,വസ്ത്രധാരണത്തിലും , ഒക്കെ കൂടെ അടിമുടി ഒരു മാറ്റം . നീട്ടി വളർത്തിയുള്ള താടി , പച്ച ഷാൾ പുതച്ചുള്ള നടത്തം , ഇടക്കിടക്ക് അല്ലാഹ് ,അല്ലാഹ്  എന്ന് നീട്ടിയുള്ള വിളി . പലരുടെയും മുഖത്തു നോക്കി വരാൻ പോകുന്ന അസുഖങ്ങളെ കുറിച്ചും , ബുദ്ധിമുട്ടുകളെ കുറിച്ച് ഒക്കെയുള്ള പ്രവചനങ്ങൾ .എല്ലാറ്റിനും തന്നാൽ കഴിയുന്ന പരിഹാരങ്ങളൊക്കെ പറഞ്ഞുകൊടുക്കുന്നുമുണ്ട് .ആകെക്കൂടെ പുള്ളി നല്ല ജോറിലാണ് . പലരും തമാശിച്ച് തള്ളുന്നുണ്ടെങ്കിലും ചിലരൊക്കെ വിശ്വസിക്കാതെയുമില്ല . പള്ളിയിൽ  ജമഅത്ത് നടന്ന് കൊണ്ടിരിക്കുമ്പോൾ അതിൽ പങ്കെടുക്കാതെ മറ്റ് ജോലികൾ  ചെയ്തു കൊണ്ടിരിക്കുന്ന പുള്ളിയോട് ചിലോരോക്കെ ചോദിക്കും , അല്ല ഇക്കാ ...?? ഇങ്ങള് നിക്കരിക്കുന്നില്ലേ .?? അൽപ്പം ദേഷ്യം കലർന്ന സ്വരത്തിൽ അയാൾ  ഇങ്ങിനെ മറുപടി പറയും . " ഞാൻ നിക്കരിക്കുന്നത് നോക്കാനൊന്നും ഇങ്ങള് ആയിക്കില്ല ,ഞാൻ നിക്കരിക്കുന്നതോന്നും ഇങ്ങൾ കാണൂല ".

അങ്ങിനെയിരിക്കെ പുലർച്ചെ മൂന്ന് മണി ആയിക്കാണും വീട്ടിൽ നിന്നും  ദാ  കേള്ക്കുന്നു ഒരു നിലവിളി . കെട്ടിയോളും , കുട്ടിയേളും , ഒക്കെ കൂടി നിലവിളിക്കുകയാണ് . പരിസരവാസികളൊക്കെ ഓടിയെത്തി .കാര്യം അന്വേഷിച്ചു .ഉപ്പാനെ കാണുന്നില്ല . കുറച്ചു മുമ്പ് വരെ അല്ലാ അല്ലാ എന്ന വിളി ഞങ്ങൾ കെട്ടതാ. പടച്ചോനെ ഏടിയ ളി പോയത്‌ ..?? ഈ ഇരുട്ടത്ത്‌ ഏടിയും  പോവൂല . ഇങ്ങളൊന്നു ബേഗം നോക്കീൻ മക്കളെ . ഉമ്മൂമ്മ വന്നവരോടോക്കെയായി പറയുന്നുണ്ട് .

എല്ലാരും കൂടി പരിസരങ്ങള ക്കെ അരിച്ചുപെറുക്കുകയാണ്. അതാ കേൾക്കുന്നു ആളുടെ സ്ഥിരം ശബ്ദം . അല്ലാഹ് ,അല്ലാഹ് . അടുത്ത്  കിടക്കുന്ന പൊട്ടക്കിണറിൽ നിന്നാണ് . എല്ലാരും അങ്ങോട്ടേക്ക് ഓടി . ദാ  കിടക്കുന്നു കിണറിൽ . അല്ല ഇങ്ങക്ക് ഇതെന്തു പറ്റി ..??  ഇങ്ങൾ  എങ്ങിനെ ഇവിടെ എത്തി ..?? എല്ലാരും ഒരേ സ്വരത്തിൽ ചോദിച്ചു . ദാ  വന്നു മറുപടി ."ദുനിയാവ് കുല്ലും ഫിതിന". (ഭൂമിയിൽ മൊത്തം തെമ്മാടിത്തങ്ങളാ ന്നേ ). അതിൽ നിന്നൊക്കെ ഒന്ന് രക്ഷപ്പെടാൻ ഞാൻ ഇതിലേക്ക് ഇറങ്ങി ഇരുന്നതാണേ .അല്ലാഹ് അല്ലാഹ് .കേട്ട് നിന്നവരൊക്കെ ഒന്ന് ഞെട്ടി .

ഫിതിന നിറഞ്ഞ ദുനിയാവിലേക്ക് ആളെ തിരികെ കേറ്റാൻ ഓടിയെത്തിയവർ പെട്ട പാട് കണ്ടു നിന്നവർക്ക് മാത്രമേ അറിയാൻ കഴിയൂ . ഈ കിണർ ദുനിയാവിൽ പെട്ടതല്ലേ എന്ന സംശയം മനസ്സിലൊതുക്കി ചെറു ചിരിയോടെ ഓടി എത്തിയവരൊക്കെ പിരിഞ്ഞുപോയി. 

No comments:

Post a Comment