കുട്ടിക്കാലത്തെ റംസാൻ ഓർമ്മകൾ . കുട്ടിക്കാലത്തെ റംസാൻ നാളുകൾ ഓർമ്മയിൽ നിന്ന് ചികഞ്ഞെടുക്കുമ്പോൾ ഗ്രഹാദുരത്വം തുളുമ്പുന്ന ഒരുപാട് ഓർമ്മകളാണ് മനസ്സിൽ വരുന്നത് .
ശഹബാൻ മാസം ഇരുപത്തി എഴ്കഴിയുന്നതോടെ തന്നെ റംസാൻ മാസത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾക്ക് മനസ്സിൽ തുടക്കം കുറിക്കും . പിന്നെ വീട്ടിൽ റംസാൻ മാസത്തെ ചിലവുകളെ കുറിച്ചും ,വേണ്ട തയ്യാറെടുപ്പുകളെ കകുറിച്ചും , ഒക്കെയുള്ള ചർച്ചകൾ തുടങ്ങുകയായി .റംസാൻ മാസം അടുത്തെത്തിയ കാര്യം ഗൾഫിലുള്ള ഉപ്പയെ, ഉമ്മ കത്തിലൂടെ ഓർമ്മപ്പെടുത്തും . സാധാരണ മാസങ്ങളിൽ നിന്നും വിഭിന്നമായി റംസാൻ മാസത്തിലുള്ള നിത്യ ചിലവിൻറെ വർധന ഉപ്പയെ ഉണർത്തലാണ് ഈ ഓർമ്മപ്പെടുത്തലിന്റെ ലക്ഷ്യം .
ഒരുക്കങ്ങൾ പ്ര വൃ ത്തി പഥത്തിൽ കൊണ്ടുവരുന്നത് ഒരു പത്തു ദിവസം മുമ്പാണ് . റംസാൻ മാസത്തേക്കുള്ള ചിലവ് കാശ് വീട്ടില് കിട്ടിയാൽ പിന്നെ അങ്ങാടിയിൽ പോയി ഒരു മാസത്തേക്കുള്ള സാധനങ്ങളൊക്കെ വാങ്ങിച്ച് കൊണ്ട് വരും . ഒരു മാസത്തെ ആവശ്യത്തിനുള്ള ധാന്യങ്ങളെല്ലാം തൊട്ടടുത്ത ഫ്ലോർ മില്ലിൽ കൊടുത്ത് പൊടിപ്പിച്ച് കൊണ്ട് വന്ന് ഭദ്രമായി സൂക്ഷിച്ചു വെക്കും . വീട് മണ്ണാൻവല ( മാറാല ) ഒക്കെ കളഞ്ഞു കഴുകി വൃത്തിയാക്കും . ഇതിൽ മണ്ണാൻവല തൂത്തുവാരൽ മിക്ക സമയത്തും എന്റെ ജോലിയാണ് .സ്ത്രീകൾ മണ്ണാൻവല തൂത്ത് വാരിയാൽ അത് പെട്ടന്ന് തന്നെ തിരിച്ചു വരുമെന്ന ഒരു വിശ്വാസം നിലനിൽക്കുന്നത് കൊണ്ട് ആ ജോലി എല്ലായിപ്പോയും വീട്ടിലെ ആണുങ്ങൾക്കുള്ളതാണ്. വീട്ടുപകരനങ്ങളെല്ലാം കഴുകി വൃത്തിയാക്കും . ചെമ്പ് പാത്രങ്ങളെല്ലാം പൂശാൻ കൊടുക്കും .മണ്‍ പാത്രങ്ങളൊക്കെ മെഴുകി വൃത്തിയാക്കും . മുറം വെള്ളില എന്ന ഇല ഉപയോഗിച്ച് മെഴുകി എടുക്കും .ഇരിക്കാൻ ഉപയോഗിക്കുന്ന മരം കൊണ്ട് നിർമ്മിച്ച പീഠം ,ബെഞ്ച് ,എന്നിവയെല്ലാം പാറോത്തിന്റെ ഇല ഉപയോഗിച്ച് തേച്ച് വൃത്തിയാക്കി മിനുക്കി വെക്കും .
ഇന്നത്തേതിനെ അപേക്ഷിച്ച് ധൂർത്തും ,ധാരാളിത്തരവും വളരെ കുറവായിരുന്നു അന്ന് . ഗൾഫിൽ നിന്നും കൊടുത്തയച്ച TANG പൊടി ഉണ്ടെങ്കിൽ അത് ഉപയോഗിച്ചാണ് മിക്ക ദിവസവും നോമ്പ് തുറക്കാനുള്ള പാനീയം തയ്യാറാക്കുന്നത് . അത് ഇല്ലെങ്കിൽ ചെറുനാരങ്ങ കൊണ്ടും . വളരെ ചുരുക്കം വീടുകളിൽ മാത്രമേ അന്ന് REFIGERATOR ഉണ്ടായിരുന്നുള്ളൂ .ഐസ് നു വേണ്ടി അവിടങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യുമായിരുന്നു .ഫ്രഷ് ജൂസ് അടിക്കാൻ മിക്സിയും നോക്കി പല വീടുകളും കേറിഇറങ്ങിയത് ഓർമ്മവരുന്നു . കുഞ്ഞിപ്പത്തിൽ ആണ് നോമ്പ് കാലത്തെ പ്രധാന വിഭവം . രാത്രി തറാവീഹ് നമസ്ക്കാരം കഴിഞ്ഞു വന്നാൽ പോള എന്ന പ്രത്ത്യേക വിഭവവും കാണും .ചിലപ്പോയോക്കെ ജീരക കഞ്ഞിയും . പ്രത്ത്യേക നോമ്പ് തുറ ഉള്ള ദിവസം പ്രത്ത്യേകവിഭവങ്ങളും ഉണ്ടാവും . ഉള്ളി വട ,പരിപ്പ് വട ,കോഴി അട ,ഉന്നക്കാഴ,സമ്മൂസ ,ബ്രെഡ് വാട്ടിയത് ,തുടങ്ങി പലതും .എന്നാൽ ഇന്നത്തെ പോലെ ധാരാളിത്തം വളരെ കുറവായിരുന്നു .
ആദ്യത്തെ പത്ത് മിക്കവാറും വീട്ടിൽ തന്നെ ഉണ്ടാവും . എന്നാൽ രണ്ടാമത്തെ പത്ത് ദിവസം പ്രത്ത്യേക നോമ്പ് തുറയുടെ പത്താണ് . പുതിയാപ്പിള മാരെ നോമ്പ് തുറപ്പിക്കൽ രണ്ടാമത്തെ പത്തിലാണ് .ബന്ധു വീടുകളിൽ നോമ്പ് തുറക്കാൻ പോകുന്നതും രണ്ടാമത്തെ പത്തിലാണ് .നോമ്പ് തുറക്കാൻ പോയാൽ വീട്ടുകാർ സകാത്തിൻറെ പൈസ തരും . അത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ നോമ്പിന്റെ പൈസ കിട്ടുന്ന വീട്ടിൽ നോമ്പ് തുറക്കാൻ പോകാനാണ്കുട്ടികളായ ഞങ്ങൾക്ക് താൽപര്യം കൂടുതൽ . പൈസയുടെ മൂല്യത്തെക്കാളും ,എണ്ണത്തിൽ കൂടതൽ ഉണ്ടാവുക എന്നതിനോടായിരുന്നു കുട്ടികളായ ഞങ്ങൾക്ക് താൽപര്യം .
നോമ്പ് ഇരുപതു കഴിഞ്ഞാലാണ് സ്കൂളിലും മദ്രസയിലും നടന്ന പരീക്ഷയുടെ ഫലം വരുന്നത് . ആ ഒരു ടെൻഷൻ മനസ്സിലു ണ്ടാവുമെകിലും പെരുന്നാളിൻറെ വരവോർത്തുള്ള സന്തോഷം എല്ലാ ടെൻഷൻ കളെയും ഇല്ലാതാക്കും .പെരുന്നാളിന്റെ പുതു വസ്ത്രം വാങ്ങുന്നതും തുന്നാൻ കൊടുക്കുന്നതും ഒരു സന്തോഷം തന്നെയാണ് . ഒരു മുണ്ട് ,ഒരു ഷർട്ട് ,ഒരു ഉറുമാൽ എന്നിവയാണ് പെരുന്നാൾ വസ്ത്രങ്ങൾ . കിട്ടിയ നോമ്പിൻറെ കാശിന്റെ കണക്കു നോക്കി ചില പെരുന്നളിനോക്കെ ഒരു ചെരുപ്പും . ചെറിയ പെരുന്നാളിന് വാങ്ങിയ വശ്ത്രങ്ങൾ തന്നെയാണ് ബലി പെരുന്നാളിനും പലപ്പോയും ഉപയോഗിച്ചു പോന്നത് .ചെറിയ പെരുന്നാൾ കഴിഞ്ഞാൽ അലക്കി തേച്ചു സൂക്ഷിച്ചു വെക്കുകയാണ് പതിവ് .
ഇരുപത്തി ഏഴിന്റെ നോമ്പ് പള്ളിയിൽ നിന്ന് തുറക്കണമെന്നാണ്കണക്ക് .അന്നേ ദിവസം വീട്ടിൽ നിന്നും പറിച്ച ഇളനീരുമായിട്ടാണ് പള്ളിയിൽ നോമ്പ് തുറക്കാൻ പോവുക .അന്നത്തെ ദിവസം വീട്ടിലെ ആവശ്യത്തിനും , പള്ളിയിൽ കൊണ്ടുപോകാൻ വേണ്ടിയുമുള്ള ഇളനീർ പറിച്ചു തരുന്ന കടമ പറമ്പിലെ തെങ്ങ് കഴറ്റക്കാരന്റെതാണ്. അത് അയാൾ അന്ന് രാവിലെതന്നെ പറിച്ച് തരും .നോമ്പ് തുറക്കാൻ പള്ളിയിൽ പോയാൽ പിന്നെ മഗ് രിബ് നമസ്ക്കാരം കഴിഞ്ഞു ഖബർ സിയാറത്ത് ചെയ്യും .വളരെ ദൂരങ്ങളിൽ നിന്ന് പോലും ഖബർ സിയാരത്തിനു ആളുകൾ ഇരുപത്തി ഏഴാം രാവിൽ പള്ളിയിൽ എത്തുമായിരുന്നു .പള്ളിക്കാടുകൾ ഖബർ സിയാരത്തിനു എത്തുന്നവരെ കൊണ്ടും , യാസീൻ ഓതാൻ വേണ്ടി എത്തുന്ന മുസലിയാൻ മാരെ കൊണ്ടും നിറയും .പത്തു രൂപ വരെ കൊടുത്ത് യാസീൻ ഓതിച്ചത് എനിക്ക് ഒരമ്മയുണ്ട്.യാസീൻ ഓതിക്കൊടുത്ത് കാശുണ്ടാക്കാൻ പാടുപെടുന്ന മുസലിയാക്കന്മാരുടെ വലിയ കൂട്ടങ്ങൾ തന്നെ അന്ന് കാണാമായിരുന്നു .
റംസാൻ മാസമായാൽ പിന്നെ രാത്രി അങ്ങാടി സജീവമാകും . അങ്ങാടിയിൽ കച്ചവടത്തിനായി എത്തുന്ന ആളുകളുടെ തമാശകൾ കേട്ട് നിൽക്കൽ നല്ല ഹരമാണ് .തറാവീഹ് നമസ്ക്കാരം ഒഴിവാക്കി കച്ചവടക്കാരുടെ തമാശകൾ ഒരുപാട് കേട്ട് നിൽക്കുമായിരുന്നു .വാഴു ഗുളിക , മുണ്ട് ,തോർത്ത് , പാൽക്കായം ,പാൽപ്പൊടി ,അങ്ങിനെ പലതും വിൽക്കുന്നവർ . പെരുന്നാൾ അടുത്തുവരുമ്പോൾ തെരുവ് കച്ചവടക്കാരും കൂടിവരും .
പെരുന്നാൾ ദിവസം തേങ്ങാ ചോർ ആണ് വീട്ടിൽ പാകം ചെയ്യുക .വർഷങ്ങൾ പിന്നിട്ടപ്പോൾ അത് നെയ്ച്ചോർ ആയി പരിണമിച്ചു. പിന്നീട് അത് ബിരിയാണിയിലേക്കും . പെരുന്നാൾ ദിവസത്തേക്ക് അരക്കിലോ ഇറച്ചി വാങ്ങാൻ വേണ്ടി ഇറച്ചി കടക്കു മുന്നിൽ മണിക്കൂറുകളോളം തിക്കി തിരക്കിയത് ഓർമ്മയുണ്ട് .പെരുന്നാൾനിസ്ക്കാരം കഴിഞ്ഞാൽ പിന്നെ എല്ലാ ബന്ധു വീടുകളിലും കേറി ഇറങ്ങും . പെരുന്നാൾ ദിവസം വീട്ടില് പുതിയാപ്പിള ഉണ്ടെങ്കിൽ അയാളെ ക്ഷണിക്കാൻ പോവുക എന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു . വീട്ടിലെ ആണ്‍കുട്ടികളാണ്പുതിയാപ്പിളയെ ക്ഷണിക്കാൻ പോകേണ്ടത് . പുതിയാപ്പിളയെ ക്ഷണിക്കാൻ പോയി പെരുന്നാൾ ദിവസം മുഴുവനും അവിടെ കളഞ്ഞു കുളിക്കാൻ വിധിക്കെപെട്ട ഒരു പാട് അളിയന്മാരെ അന്ന് കാണാമായിരുന്നു .വീടുകളിൽ നിന്ന് ഉള്ളി യും പഞ്ചസാര യും ഇട്ടു തയ്യാറാക്കിയ വെള്ളം കുടിച്ചത് ഓർക്കുന്നു . ചില വീടുകളിൽ നിന്നൊക്കെ തേങ്ങാ ചോറും .
പെരുന്നാൾ ദിവസം അന്യ മതക്കാർക്ക് പെരുന്നാൾ കാശ് കൊടുക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു .പെരുന്നാൾ കാശിനു വേണ്ടി അവർ വീടുകളില കേറി ഇറങ്ങുന്നത് അന്ന് കാണാമായിരുന്നു .
Nice blog
ReplyDelete