Pages

Sunday, June 23, 2013

കഴിഞ്ഞ വർഷം റംസാൻ പത്തിന് എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ നിങ്ങളുടെ സമക്ഷം സമർപ്പിക്കട്ടെ ..

ഉച്ചക്ക് ഒരു പന്ത്രണ്ട് മണി ആയിക്കാണും . ഞാൻ അങ്ങാടിയിൽ നിന്നും വീട്ടിലേക്കുള്ള ചില്ലറ സാദനങ്ങൾ വാങ്ങിക്കൊണ്ടിരിക്കുകയാണ് .പെട്ടന്ന് വീട്ടില് നിന്നും ഒരു കാൾ . ഉപ്പാക്ക് സുഖമില്ല !! പെട്ടന്ന് വരണം !!.വിളിച്ചത് ഉമ്മയാണ് .  ഞാൻ പെട്ടന്ന് വണ്ടിയുമായി വീട്ടിലേക്ക് തരിച്ചു . വീട്ടിലേക്കു പോവുന്ന വഴിക്ക് പലരുടെയും കാളുകൾ തുരുതുരാ വരുന്നുണ്ട് . എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നി . വീട്ടിൽ എത്തി നോക്കിയപ്പോൾ ഉപ്പ വേദനകൊണ്ട് പുളയുകയാണ് . ഹൃദയ സംബന്ധമായ വേദനയാണ് എന്ന് മനസ്സിലാക്കിയ ഞങ്ങൾ പെട്ടന്ന് തന്നെ കല്ലാച്ചിയിലേക്ക് കൊണ്ട്പോയി .അവിടെ ഡോക്ടർ ഇല്ലാത്തതിനാൽ ഉടനത്തനെ വടകരയിലേക്ക് . എത്ത്രയും പെട്ടന്ന് ഒരു മേജർ ആശുപത്ത്രിയിലേക്കു കൊണ്ടുപോകുന്നതാണ് നല്ലത് എന്ന് അവിടുത്തെ ഡോക്ടറുടെ അപിപ്രയം വന്നു . നേരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് ..
ആംബുലൻസ് ലാണ് യാത്ര . നേരെ മെഡിക്കൽ കോളേജിലെ ഐ ടി യു വിലേക്ക് .ഡോക്ടർമാർ  പരിശോദിച്ചു. ഒരു മണിക്കൂർ കഴിഞ്ഞേ വല്ലതും പറയാൻ പറ്റൂ എന്ന് അവർ ഞങ്ങളെ അറിയിച്ചു . ഞങ്ങൾ ആകെ പരിഭ്രാന്തരാണ് . ഇനി എന്തൊക്കെയാണാവോ ഡോക്ടർമാർ പറയുക .ആകെ ക്കൂടെ ഒരു ഭയം . ഉമ്മയും ഉണ്ട് കൂടെ . നല്ല ക്ഷീണമുണ്ട്. നോമ്പ് തുറക്കാൻ സമയം ആയിക്കാണും . പക്ഷെ അത് അറിയാനുള്ള സംവിധാനം അവിടെ ഇല്ല . ബാങ്ക് വിളി അവിടെ കേൾക്കാൻ സാധ്യത  ഇല്ല . വെള്ളവും അവിടെയെങ്ങും  കിട്ടുമെന്ന് തോനുന്നില്ല . ഐ ടി യു വിനു മുന്നിലായതു കൊണ്ട് മൊബൈൽ ഫോണിനു റേൻജും ഇല്ല . ഉമ്മക്കും എനിക്കും നോമ്പുണ്ട്  .ഞങ്ങളെ പോലെ കുറച്ചു പേർ കൂടെയുണ്ടവിടെ   . അവരിൽ പലരും നോമ്പ് തുറക്കാനുള്ള വള്ളം അന്വേഷിക്കുന്നുണ്ട്. പക്ഷെ അടുത്തൊന്നും കിട്ടാനില്ല .

പെട്ടന്നാണ് ഒരാൾ ഒരു പെട്ടിയിൽ എന്തോ സാദനങ്ങളുമായി ഞങ്ങളുടെ അടുക്കലേക്കു വന്നത് . നോമ്പ് തുറക്കാൻ സമയമായി . ബാങ്ക് കൊടുത്തിരിക്കുന്നു നോമ്പുള്ളവർ  നോമ്പ് തുറക്കണം . എന്ന് പറഞ്ഞു കൊണ്ട് രണ്ടു കാരക്കയും , ഒരു കുപ്പി വെള്ളവുംഅവിടെയുള്ള എല്ലാവർക്കും അയാൾ നൽകി .അന്യ മതസ്ഥർക്ക് നേരെയും ഇദ്ദേഹം ഇതൊക്കെ വെച്ചു നീട്ടുന്നുണ്ട് .ചിലരൊക്കെ വാങ്ങിക്കുന്നുണ്ട് ,മറ്റു ചിലർ സ്നേഹപൂർവ്വം നിരസിക്കുന്നുമുണ്ട് .  ഞങ്ങൾ എല്ലാവരും നോമ്പ് തുറന്നു .അങ്ങിനെ എല്ലാ ഐ സി യു വിനു മുമ്പിലും ഇയാൾ വെള്ളവും കാരക്കയും വിതരണം ചെയ്യുന്നുണ്ട് എന്ന് പിന്നീടു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു . ദൈവത്തിനു സ്തുതി  . അയാൾ നൽകിയ ഒരു കുപ്പി വെള്ളത്തിനു ആ സമയത്ത് അവിടെ ഒരായിരം കുപ്പി വെള്ളത്തിന്റെ വിലയും ഒരു കാരക്കക്ക് ഒരായിരം കാരക്കയുടെ വിലയുണ്ടായിരുന്നു .പ്രശസ്ത്തി അയാൾ അല്പ്പം പോലും ആഗ്രഹിക്കുന്നില്ല എന്ന് അയാളുടെ പെരുമാറ്റത്തിൽ നിന്നും എനിക്ക് വായിച്ചെടുകാമായിരുന്നു .ഏതു  സമ്പന്നനും ഫക്കീർ (ഒന്നുമില്ലാത്തവൻ ) ആവുന്ന നിമിഷം അയാൾ നൽകിയ  വെള്ളത്തിനും , കാരക്കക്കും ദൈവം (അള്ളാഹു) അയാൾക്ക്‌ തക്കതായ പ്രതിഫലം കൊടുക്കട്ടെ .

എന്റെ ഈ അനുഭവം ഞാൻ ഇവിടെ വിവരിച്ചത് നമ്മുടെ നോമ്പ് തുറയിലെ ആർഭാടങ്ങളെ  കുറിച്ചു പറയാനാണ് .

പുണ്യങ്ങളുടെ മാസമായ റംസാൻ ദാന ധർമ്മങ്ങുളുടെ കൂടെ മാസമാണ് . നമ്മുടെ നാട്ടിൽ പലതരത്തിലുള്ള നോമ്പ് തുറയും സജീവമാകും . ധൂർത്തിന്റെ ഒരു കൂത്തരങ്ങാണ് പല നോമ്പ് തുറകളും .ആവശ്യത്തിലേറെ ഭക്ഷണം , ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ വിളമ്പുന്ന ആഭാസ നോമ്പ് തുറ . ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ കോടിക്കണക്കിനു ആളുകൾ  നമ്മുടെ നാട്ടിലും മറുനാട്ടിലുമായി ഉള്ളപ്പോൾ ഈ ഭക്ഷണ ധൂർത്ത് ദൈവം പൊറുക്കുമെന്നു തോന്നുന്നില്ല . നമ്മുടെ നാട്ടിൽ നിരവധി ആശുപത്രികൾ ഉണ്ട് . അവിടെ ഒക്കെ നിരവധി പാവപ്പെട്ട രോഗികളും. ഏതു പണക്കാരനും നിസ്സഹായനാവുന്ന അവസ്ഥയാണ് രോഗം . ആർഭാട ,ധൂർത്ത് നോമ്പ് തുറകൾക്ക്  പകരം ആവശ്യക്കാരെ തിരഞ്ഞ് പിടിച്ച് നോമ്പ് തുറപ്പിക്കാൻ നമുക്ക് കഴിയണം .ആ നോമ്പ് തുറപ്പിക്കലിൽ മാത്രമേ  പുണ്ണ്യമുള്ളൂഎന്ന്  ഞാനും നിങ്ങളും മനസ്സിലാക്കണം .കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തു സി എച്ച് സെൻറർ നടത്തുന്ന നോമ്പ് തുറകൾ പ്രശംസനീയമാണ് . എനിയും ഒരു പാട് പേർക്ക് അവിടെ തന്നെ നോമ്പ് തുറപ്പിക്കാൻ നമുക്ക് കഴിയണം . അത് പോലെ മറ്റു നിരവധി ആശുപത്രി പരിസരങ്ങളും നമ്മുടെ നാട്ടിലുണ്ട് . അവിടങ്ങളിലാവട്ടെ ഈ വർഷത്തെ  നമ്മുടെ നോമ്പ് തുറപ്പിക്കൾ .ധൂർത്തും ,ആർഭാടവും ,കഴിയുന്നതും നമുക്ക് ഒയിവാക്കാം ...

Wednesday, June 12, 2013

കുട്ടിക്കാലത്തെ റംസാൻ ഓർമ്മകൾ


കുട്ടിക്കാലത്തെ റംസാൻ ഓർമ്മകൾ . കുട്ടിക്കാലത്തെ റംസാൻ നാളുകൾ  ഓർമ്മയിൽ  നിന്ന് ചികഞ്ഞെടുക്കുമ്പോൾ ഗ്രഹാദുരത്വം തുളുമ്പുന്ന ഒരുപാട് ഓർമ്മകളാണ് മനസ്സിൽ  വരുന്നത് .

ശഹബാൻ മാസം  ഇരുപത്തി എഴ്കഴിയുന്നതോടെ   തന്നെ റംസാൻ മാസത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾക്ക് മനസ്സിൽ തുടക്കം കുറിക്കും . പിന്നെ വീട്ടിൽ റംസാൻ മാസത്തെ ചിലവുകളെ കുറിച്ചും ,വേണ്ട തയ്യാറെടുപ്പുകളെ കകുറിച്ചും , ഒക്കെയുള്ള ചർച്ചകൾ തുടങ്ങുകയായി  .റംസാൻ മാസം അടുത്തെത്തിയ കാര്യം ഗൾഫിലുള്ള ഉപ്പയെ, ഉമ്മ കത്തിലൂടെ ഓർമ്മപ്പെടുത്തും . സാധാരണ മാസങ്ങളിൽ നിന്നും വിഭിന്നമായി റംസാൻ മാസത്തിലുള്ള നിത്യ ചിലവിൻറെ  വർധന  ഉപ്പയെ ഉണർത്തലാണ് ഈ ഓർമ്മപ്പെടുത്തലിന്റെ ലക്ഷ്യം .

ഒരുക്കങ്ങൾ  പ്ര വൃ ത്തി പഥത്തിൽ കൊണ്ടുവരുന്നത് ഒരു പത്തു ദിവസം മുമ്പാണ് . റംസാൻ മാസത്തേക്കുള്ള ചിലവ് കാശ് വീട്ടില് കിട്ടിയാൽ പിന്നെ അങ്ങാടിയിൽ പോയി ഒരു മാസത്തേക്കുള്ള  സാധനങ്ങളൊക്കെ  വാങ്ങിച്ച് കൊണ്ട് വരും . ഒരു മാസത്തെ ആവശ്യത്തിനുള്ള ധാന്യങ്ങളെല്ലാം  തൊട്ടടുത്ത ഫ്ലോർ മില്ലിൽ കൊടുത്ത് പൊടിപ്പിച്ച് കൊണ്ട് വന്ന് ഭദ്രമായി സൂക്ഷിച്ചു വെക്കും . വീട് മണ്ണാൻവല ( മാറാല ) ഒക്കെ കളഞ്ഞു കഴുകി വൃത്തിയാക്കും . ഇതിൽ മണ്ണാൻവല തൂത്തുവാരൽ  മിക്ക സമയത്തും എന്റെ ജോലിയാണ് .സ്ത്രീകൾ  മണ്ണാൻവല തൂത്ത് വാരിയാൽ   അത് പെട്ടന്ന് തന്നെ തിരിച്ചു വരുമെന്ന ഒരു വിശ്വാസം നിലനിൽക്കുന്നത്  കൊണ്ട് ആ ജോലി എല്ലായിപ്പോയും വീട്ടിലെ ആണുങ്ങൾക്കുള്ളതാണ്. വീട്ടുപകരനങ്ങളെല്ലാം കഴുകി വൃത്തിയാക്കും . ചെമ്പ് പാത്രങ്ങളെല്ലാം പൂശാൻ കൊടുക്കും .മണ്‍ പാത്രങ്ങളൊക്കെ മെഴുകി വൃത്തിയാക്കും . മുറം വെള്ളില എന്ന ഇല ഉപയോഗിച്ച് മെഴുകി എടുക്കും .ഇരിക്കാൻ ഉപയോഗിക്കുന്ന മരം കൊണ്ട് നിർമ്മിച്ച  പീഠം ,ബെഞ്ച്‌ ,എന്നിവയെല്ലാം പാറോത്തിന്റെ ഇല ഉപയോഗിച്ച് തേച്ച് വൃത്തിയാക്കി മിനുക്കി വെക്കും .

ഇന്നത്തേതിനെ അപേക്ഷിച്ച് ധൂർത്തും ,ധാരാളിത്തരവും വളരെ കുറവായിരുന്നു അന്ന് . ഗൾഫിൽ നിന്നും കൊടുത്തയച്ച TANG പൊടി ഉണ്ടെങ്കിൽ അത് ഉപയോഗിച്ചാണ് മിക്ക ദിവസവും  നോമ്പ് തുറക്കാനുള്ള പാനീയം തയ്യാറാക്കുന്നത് . അത് ഇല്ലെങ്കിൽ ചെറുനാരങ്ങ കൊണ്ടും . വളരെ ചുരുക്കം വീടുകളിൽ മാത്രമേ അന്ന് REFIGERATOR ഉണ്ടായിരുന്നുള്ളൂ .ഐസ് നു വേണ്ടി അവിടങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യുമായിരുന്നു .ഫ്രഷ്‌ ജൂസ് അടിക്കാൻ മിക്സിയും നോക്കി പല വീടുകളും കേറിഇറങ്ങിയത് ഓർമ്മവരുന്നു  . കുഞ്ഞിപ്പത്തിൽ ആണ് നോമ്പ് കാലത്തെ പ്രധാന വിഭവം . രാത്രി തറാവീഹ് നമസ്ക്കാരം കഴിഞ്ഞു വന്നാൽ പോള എന്ന പ്രത്ത്യേക വിഭവവും കാണും .ചിലപ്പോയോക്കെ ജീരക കഞ്ഞിയും . പ്രത്ത്യേക നോമ്പ് തുറ ഉള്ള ദിവസം പ്രത്ത്യേകവിഭവങ്ങളും ഉണ്ടാവും . ഉള്ളി വട ,പരിപ്പ് വട ,കോഴി അട ,ഉന്നക്കാഴ,സമ്മൂസ ,ബ്രെഡ്‌ വാട്ടിയത് ,തുടങ്ങി പലതും .എന്നാൽ  ഇന്നത്തെ പോലെ ധാരാളിത്തം വളരെ കുറവായിരുന്നു .



ആദ്യത്തെ പത്ത് മിക്കവാറും വീട്ടിൽ തന്നെ ഉണ്ടാവും . എന്നാൽ രണ്ടാമത്തെ പത്ത് ദിവസം പ്രത്ത്യേക  നോമ്പ് തുറയുടെ പത്താണ്‌ . പുതിയാപ്പിള മാരെ നോമ്പ് തുറപ്പിക്കൽ രണ്ടാമത്തെ പത്തിലാണ് .ബന്ധു വീടുകളിൽ നോമ്പ് തുറക്കാൻ പോകുന്നതും രണ്ടാമത്തെ പത്തിലാണ് .നോമ്പ് തുറക്കാൻ പോയാൽ വീട്ടുകാർ സകാത്തിൻറെ  പൈസ തരും . അത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ നോമ്പിന്റെ പൈസ കിട്ടുന്ന വീട്ടിൽ നോമ്പ് തുറക്കാൻ പോകാനാണ്കുട്ടികളായ ഞങ്ങൾക്ക്  താൽപര്യം കൂടുതൽ . പൈസയുടെ മൂല്യത്തെക്കാളും ,എണ്ണത്തിൽ കൂടതൽ ഉണ്ടാവുക എന്നതിനോടായിരുന്നു  കുട്ടികളായ ഞങ്ങൾക്ക് താൽപര്യം  .

നോമ്പ് ഇരുപതു കഴിഞ്ഞാലാണ് സ്കൂളിലും മദ്രസയിലും നടന്ന  പരീക്ഷയുടെ ഫലം  വരുന്നത് . ആ ഒരു ടെൻഷൻ മനസ്സിലു ണ്ടാവുമെകിലും പെരുന്നാളിൻറെ വരവോർത്തുള്ള  സന്തോഷം എല്ലാ ടെൻഷൻ കളെയും  ഇല്ലാതാക്കും  .പെരുന്നാളിന്റെ പുതു വസ്ത്രം വാങ്ങുന്നതും തുന്നാൻ കൊടുക്കുന്നതും ഒരു സന്തോഷം തന്നെയാണ് . ഒരു മുണ്ട് ,ഒരു ഷർട്ട് ,ഒരു ഉറുമാൽ എന്നിവയാണ് പെരുന്നാൾ വസ്ത്രങ്ങൾ . കിട്ടിയ നോമ്പിൻറെ കാശിന്റെ കണക്കു നോക്കി ചില പെരുന്നളിനോക്കെ ഒരു ചെരുപ്പും . ചെറിയ പെരുന്നാളിന് വാങ്ങിയ വശ്ത്രങ്ങൾ തന്നെയാണ് ബലി പെരുന്നാളിനും പലപ്പോയും ഉപയോഗിച്ചു പോന്നത്  .ചെറിയ  പെരുന്നാൾ കഴിഞ്ഞാൽ അലക്കി തേച്ചു സൂക്ഷിച്ചു വെക്കുകയാണ് പതിവ് .

ഇരുപത്തി ഏഴിന്റെ നോമ്പ് പള്ളിയിൽ നിന്ന് തുറക്കണമെന്നാണ്കണക്ക് .അന്നേ ദിവസം വീട്ടിൽ നിന്നും പറിച്ച ഇളനീരുമായിട്ടാണ് പള്ളിയിൽ നോമ്പ് തുറക്കാൻ പോവുക .അന്നത്തെ ദിവസം വീട്ടിലെ ആവശ്യത്തിനും , പള്ളിയിൽ കൊണ്ടുപോകാൻ വേണ്ടിയുമുള്ള ഇളനീർ പറിച്ചു തരുന്ന കടമ പറമ്പിലെ തെങ്ങ് കഴറ്റക്കാരന്റെതാണ്. അത് അയാൾ  അന്ന് രാവിലെതന്നെ പറിച്ച് തരും .നോമ്പ് തുറക്കാൻ പള്ളിയിൽ  പോയാൽ  പിന്നെ മഗ് രിബ് നമസ്ക്കാരം കഴിഞ്ഞു  ഖബർ സിയാറത്ത് ചെയ്യും .വളരെ ദൂരങ്ങളിൽ നിന്ന് പോലും ഖബർ സിയാരത്തിനു ആളുകൾ ഇരുപത്തി ഏഴാം രാവിൽ  പള്ളിയിൽ എത്തുമായിരുന്നു .പള്ളിക്കാടുകൾ ഖബർ സിയാരത്തിനു എത്തുന്നവരെ കൊണ്ടും , യാസീൻ ഓതാൻ വേണ്ടി എത്തുന്ന മുസലിയാൻ മാരെ കൊണ്ടും നിറയും .പത്തു രൂപ വരെ കൊടുത്ത് യാസീൻ ഓതിച്ചത് എനിക്ക് ഒരമ്മയുണ്ട്.യാസീൻ ഓതിക്കൊടുത്ത് കാശുണ്ടാക്കാൻ പാടുപെടുന്ന മുസലിയാക്കന്മാരുടെ വലിയ കൂട്ടങ്ങൾ തന്നെ അന്ന് കാണാമായിരുന്നു .

റംസാൻ മാസമായാൽ പിന്നെ രാത്രി അങ്ങാടി സജീവമാകും . അങ്ങാടിയിൽ കച്ചവടത്തിനായി എത്തുന്ന ആളുകളുടെ തമാശകൾ കേട്ട് നിൽക്കൽ  നല്ല ഹരമാണ് .തറാവീഹ് നമസ്ക്കാരം ഒഴിവാക്കി കച്ചവടക്കാരുടെ തമാശകൾ ഒരുപാട് കേട്ട് നിൽക്കുമായിരുന്നു .വാഴു ഗുളിക , മുണ്ട് ,തോർത്ത് , പാൽക്കായം ,പാൽപ്പൊടി ,അങ്ങിനെ പലതും വിൽക്കുന്നവർ . പെരുന്നാൾ അടുത്തുവരുമ്പോൾ തെരുവ് കച്ചവടക്കാരും കൂടിവരും .

പെരുന്നാൾ ദിവസം തേങ്ങാ ചോർ ആണ് വീട്ടിൽ പാകം ചെയ്യുക .വർഷങ്ങൾ പിന്നിട്ടപ്പോൾ അത് നെയ്ച്ചോർ ആയി പരിണമിച്ചു. പിന്നീട് അത് ബിരിയാണിയിലേക്കും .  പെരുന്നാൾ ദിവസത്തേക്ക് അരക്കിലോ ഇറച്ചി വാങ്ങാൻ വേണ്ടി ഇറച്ചി കടക്കു മുന്നിൽ മണിക്കൂറുകളോളം തിക്കി തിരക്കിയത് ഓർമ്മയുണ്ട് .പെരുന്നാൾനിസ്ക്കാരം കഴിഞ്ഞാൽ പിന്നെ   എല്ലാ ബന്ധു വീടുകളിലും കേറി ഇറങ്ങും . പെരുന്നാൾ ദിവസം വീട്ടില് പുതിയാപ്പിള ഉണ്ടെങ്കിൽ അയാളെ ക്ഷണിക്കാൻ പോവുക എന്ന  ഒരു ചടങ്ങ് ഉണ്ടായിരുന്നു . വീട്ടിലെ ആണ്‍കുട്ടികളാണ്പുതിയാപ്പിളയെ ക്ഷണിക്കാൻ പോകേണ്ടത് . പുതിയാപ്പിളയെ ക്ഷണിക്കാൻ പോയി പെരുന്നാൾ ദിവസം മുഴുവനും അവിടെ കളഞ്ഞു കുളിക്കാൻ വിധിക്കെപെട്ട ഒരു പാട് അളിയന്മാരെ അന്ന് കാണാമായിരുന്നു  .വീടുകളിൽ നിന്ന് ഉള്ളി യും പഞ്ചസാര യും ഇട്ടു തയ്യാറാക്കിയ വെള്ളം കുടിച്ചത് ഓർക്കുന്നു  . ചില വീടുകളിൽ  നിന്നൊക്കെ തേങ്ങാ ചോറും .

പെരുന്നാൾ ദിവസം അന്യ മതക്കാർക്ക് പെരുന്നാൾ കാശ് കൊടുക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു .പെരുന്നാൾ കാശിനു വേണ്ടി അവർ വീടുകളില കേറി ഇറങ്ങുന്നത് അന്ന് കാണാമായിരുന്നു .



Thursday, June 6, 2013

ദുനിയാവ് കുല്ലും ഫിതിന

ദുനിയാവ് കുല്ലും ഫിതിന



നാട്ടിൽ  അത്യാവശ്യം മാന്യനായി നടന്നിരുന്ന ആളാണ് .  പ്രത്യേഗിച്ച് ജോലിയൊന്നുമില്ലെങ്കിലും  വീട്ടുകാര്യങ്ങളൊക്കെ  നോക്കി നല്ല രീതിയിൽ മുന്നോട്ടു പോകുന്നു .പെട്ടെന്നാണ് മാറ്റങ്ങൾ കണ്ടുതുടങ്ങിയത് . ഈ അടുത്ത് അജ്മീർ ദർഗയിലേക്ക്‌ ഒരു യാത്രപോയിരുന്നു . രണ്ടുമൂന്ന് മാസം അവിടെ തങ്ങി .നാട്ടുകാരുടെയും ,വീട്ടുകാരുടെയും നിരന്തര അഭ്യർത്ഥന മാനിച്ചു നാട്ടിലേക്ക് തരിച്ച് വന്നതാ .  അന്നുമുതൽ  തുടങ്ങിയതാ നടത്തത്തിലും ,സംസാരത്തിലും ,വസ്ത്രധാരണത്തിലും , ഒക്കെ കൂടെ അടിമുടി ഒരു മാറ്റം . നീട്ടി വളർത്തിയുള്ള താടി , പച്ച ഷാൾ പുതച്ചുള്ള നടത്തം , ഇടക്കിടക്ക് അല്ലാഹ് ,അല്ലാഹ്  എന്ന് നീട്ടിയുള്ള വിളി . പലരുടെയും മുഖത്തു നോക്കി വരാൻ പോകുന്ന അസുഖങ്ങളെ കുറിച്ചും , ബുദ്ധിമുട്ടുകളെ കുറിച്ച് ഒക്കെയുള്ള പ്രവചനങ്ങൾ .എല്ലാറ്റിനും തന്നാൽ കഴിയുന്ന പരിഹാരങ്ങളൊക്കെ പറഞ്ഞുകൊടുക്കുന്നുമുണ്ട് .ആകെക്കൂടെ പുള്ളി നല്ല ജോറിലാണ് . പലരും തമാശിച്ച് തള്ളുന്നുണ്ടെങ്കിലും ചിലരൊക്കെ വിശ്വസിക്കാതെയുമില്ല . പള്ളിയിൽ  ജമഅത്ത് നടന്ന് കൊണ്ടിരിക്കുമ്പോൾ അതിൽ പങ്കെടുക്കാതെ മറ്റ് ജോലികൾ  ചെയ്തു കൊണ്ടിരിക്കുന്ന പുള്ളിയോട് ചിലോരോക്കെ ചോദിക്കും , അല്ല ഇക്കാ ...?? ഇങ്ങള് നിക്കരിക്കുന്നില്ലേ .?? അൽപ്പം ദേഷ്യം കലർന്ന സ്വരത്തിൽ അയാൾ  ഇങ്ങിനെ മറുപടി പറയും . " ഞാൻ നിക്കരിക്കുന്നത് നോക്കാനൊന്നും ഇങ്ങള് ആയിക്കില്ല ,ഞാൻ നിക്കരിക്കുന്നതോന്നും ഇങ്ങൾ കാണൂല ".

അങ്ങിനെയിരിക്കെ പുലർച്ചെ മൂന്ന് മണി ആയിക്കാണും വീട്ടിൽ നിന്നും  ദാ  കേള്ക്കുന്നു ഒരു നിലവിളി . കെട്ടിയോളും , കുട്ടിയേളും , ഒക്കെ കൂടി നിലവിളിക്കുകയാണ് . പരിസരവാസികളൊക്കെ ഓടിയെത്തി .കാര്യം അന്വേഷിച്ചു .ഉപ്പാനെ കാണുന്നില്ല . കുറച്ചു മുമ്പ് വരെ അല്ലാ അല്ലാ എന്ന വിളി ഞങ്ങൾ കെട്ടതാ. പടച്ചോനെ ഏടിയ ളി പോയത്‌ ..?? ഈ ഇരുട്ടത്ത്‌ ഏടിയും  പോവൂല . ഇങ്ങളൊന്നു ബേഗം നോക്കീൻ മക്കളെ . ഉമ്മൂമ്മ വന്നവരോടോക്കെയായി പറയുന്നുണ്ട് .

എല്ലാരും കൂടി പരിസരങ്ങള ക്കെ അരിച്ചുപെറുക്കുകയാണ്. അതാ കേൾക്കുന്നു ആളുടെ സ്ഥിരം ശബ്ദം . അല്ലാഹ് ,അല്ലാഹ് . അടുത്ത്  കിടക്കുന്ന പൊട്ടക്കിണറിൽ നിന്നാണ് . എല്ലാരും അങ്ങോട്ടേക്ക് ഓടി . ദാ  കിടക്കുന്നു കിണറിൽ . അല്ല ഇങ്ങക്ക് ഇതെന്തു പറ്റി ..??  ഇങ്ങൾ  എങ്ങിനെ ഇവിടെ എത്തി ..?? എല്ലാരും ഒരേ സ്വരത്തിൽ ചോദിച്ചു . ദാ  വന്നു മറുപടി ."ദുനിയാവ് കുല്ലും ഫിതിന". (ഭൂമിയിൽ മൊത്തം തെമ്മാടിത്തങ്ങളാ ന്നേ ). അതിൽ നിന്നൊക്കെ ഒന്ന് രക്ഷപ്പെടാൻ ഞാൻ ഇതിലേക്ക് ഇറങ്ങി ഇരുന്നതാണേ .അല്ലാഹ് അല്ലാഹ് .കേട്ട് നിന്നവരൊക്കെ ഒന്ന് ഞെട്ടി .

ഫിതിന നിറഞ്ഞ ദുനിയാവിലേക്ക് ആളെ തിരികെ കേറ്റാൻ ഓടിയെത്തിയവർ പെട്ട പാട് കണ്ടു നിന്നവർക്ക് മാത്രമേ അറിയാൻ കഴിയൂ . ഈ കിണർ ദുനിയാവിൽ പെട്ടതല്ലേ എന്ന സംശയം മനസ്സിലൊതുക്കി ചെറു ചിരിയോടെ ഓടി എത്തിയവരൊക്കെ പിരിഞ്ഞുപോയി.