Pages

Wednesday, April 30, 2014

കടല വിറ്റ് നടന്നിരുന്ന ഞാൻ .....

കടല വിറ്റ് നടന്നിരുന്ന ഞാൻ .....

മനസ്സിൽ  ഭക്തിയും , ഭയവും ഒരുപാട് വാരി കോരി നൽകുന്നതായിരുന്നു അന്നൊക്കെ പാറക്കടവ് വലിയ പള്ളിയിലെ വെള്ളി ആഴ്ച്ചത്തെ കുതുബ . പള്ളിക്കൽ കുഞ്ഞമ്മദ് മുസ്ലിയാരുടെ ബാങ്ക് വിളി , തുടർന്ന് കണാരാണ്ടി അമ്മദ് മുസ്ലിയാരുടെ ഈണത്തിൽ നീട്ടി വലിച്ചുള്ള കുതുബ . "യാ മഹാശിറൽ
മുസ്ലിമീന റഹിമകുമു ള്ളാ ......... ഊസീക്കും ഇബാദള്ളാഹി വ ഇയ്യാഹ  ബി തക് വ ള്ളാ .....കേൾക്കുമ്പോൾ ഉള്ളം കോരി തരിക്കുമായിരുന്നു . ജുമഅക്ക്   ശേഷമുള്ള പ്രാർത്ഥനകേട്ടിരുന്നപ്പോൾ  പലപ്പോയും കണ്ണിൽ നിന്ന് വെള്ളം വന്നിട്ടുണ്ട് . അന്നൊക്കെ നാൽപ്പത് ദിവസം വരെ നീണ്ട് നിൽക്കുന്ന മതപ്രഭാഷണ പരമ്പര നടക്കുമായിരുന്നു . രാത്രി കാലങ്ങളിൽ അർദ്ധ രാത്രി പിന്നിടുന്നത് വരെ നടക്കുമായിരുന്ന വഅള് പരമ്പര മനസ്സിൽ ഭക്തിയും , ഭയവും , വേണ്ടുവോളം പകർന്ന് നൽകുമാരുന്നു . വഅള്  തുടങ്ങുന്നതിന് മുമ്പ് മൂന്നും നാലും പേർ ചേർന്ന് നടത്തുന്ന ദിഖ്ർ, മൗലീദ് പാരായണം , ആശ്ചര്യത്തോടെയും , ഭക്തിയോടെയും കേട്ട് നിന്നിട്ടുണ്ട് . പ്രത്യേക ഈണത്തിൽ നീട്ടി വലിച്ചുള്ള മൗലീദ് പരയാണം കേട്ട് തുടങ്ങിയാൽ പിന്നെ വീടുകളിൽ നിന്നും ആളുകൾ കുടുംബ സമേതം   , ചൂട്ടും കത്തിച്ച് വഅള് നടക്കുന്ന സ്ഥലത്തേക്ക് നീങ്ങി തുടങ്ങും ."മൗലായ സല്ലിവാ സാ ....... നബി (സ അ ) യുടെ ജനനവും , മരണവും (വഫാത്ത് ) , നരകവും , സ്വർഗ്ഗവും .... തുടങ്ങി ഇസ്ലാമിൻറെ സകല ചരിത്രവും വിവരിച്ച് നാൽപ്പത് ദിവസം പൂർത്തിയാക്കുന്നതോടെ വഅള്  അവസാനിക്കും . നാൽപ്പതാമത്തെ ദിവസം വഅള് നടത്തിയ ആളെ ( അമ്മദ് മുസ്ലിയാരെ ) പുതിയാപ്പിളയായി  ആനയിച്ച് കൊണ്ട് വരുന്നതും കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട് . പൂത്തിരി കത്തിച്ചും , ദഫ്ഫും , കോൽക്കളിയും ഒക്കെ ആയി സ്വീകരിച്ച് ആനയിക്കുന്നത് കാണാൻ ആവേശത്തോടെ പലപ്പോയും കാത്തിരുന്നിട്ടുണ്ട്  . ചെക്ക്യാട് വയലിൽ പീടികക്ക് സമീപമായിരുന്നു പലപ്പോയും വഅള് നടന്നിരുന്നത് . അധികാരി കുഞ്ഞമ്മദ് ക്കയുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷമാണെന്ന്  തോന്നുന്നു ഓർമ്മയിൽ പലപ്പോയും വഅള് നടത്തിയ അമ്മദ് മുസ്ലിയാരെ സ്വീകരിച്ച് ആനയിക്കൾ ആരംഭിക്കുക . നിലക്കടല വറുത്ത് വിൽക്കുന്ന കുട്ടികളെ  ഒരു പാട് കാണുമായിരുന്നു അവിടങ്ങളിൽ  . കടല വിൽക്കുന്ന കുട്ടികളിൽ ഒരിക്കലെങ്കിലും ഞാനും ഒരുവനായത് ഓർമ്മ വരുന്നു .തട്ട് കച്ചവടക്കാർ . തരി കാച്ചി വിൽക്കുന്ന നാട്ടുകാർ , നല്ല തണുപ്പ് കാലത്താണ്  പലപ്പോയും വഅള് പരമ്പര നടന്നിരുന്നത് . ഓംപ്ലേറ്റ് വിൽപ്പനക്കാരുടെ കൊയ്ത്ത് കാലം . നല്ല രുചിയാണ് പലപ്പോയും ആ ഓംപ്ലേറ്റ് നൽകിയിരുന്നത് ..മനസ്സിന് കുളിര് പകരുന്ന വഅള് പരമ്പര നമുക്ക് അന്യമായിരിക്കുന്നു ..







Wednesday, April 23, 2014

"പച്ചക്കറി മി തോടാ ബീഫ് ഹോയേഗാ ക്യാ മുഷ്കിൽ ഹെ"....??


മിക്കവാറും എല്ലാ ദിവസവും ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഒരു കട്ടൻ ചായയും കുടിച്ചാണ് ഞാൻ പ്രവർത്തിച്ച് തുടങ്ങാറ് . എന്നാൽ ഇന്ന് രാവിലെ "ബലദിയ "( ദുനിയാവിലെ മഹ്ഷര ) വരെ ഒന്ന് പോകാനുള്ളത് കൊണ്ട് രാവിലെ ഒമ്പത് മണിക്ക് തന്നെ റൂമിൽ നിന്നിറങ്ങി . നല്ല ഉറക്ക ചടവുള്ളതിനാൽ  ഒരു ചായ കുടിച്ചിട്ടാവാം ബലദിയ യിലേക്കുള്ള പോക്ക് എന്ന് കരുതി തൊട്ടടുത്ത ബംഗാളി നടത്തുന്ന ചായ ക്കടയിലേക്ക് കേറി . ഒറ്റ നോട്ടത്തിൽ നല്ല കടുപ്പക്കാരായ നാല് പേർ ഭക്ഷണത്തിനായി ടാബിളിൽ ഇരിക്കുന്നുണ്ട് . ഒറ്റ നോട്ടത്തിൽ തന്നെ അവർ ഗുജറാത്തികളാ ണെന്നും മാംസാഹാരങ്ങളുടെ മുഖ്യ ശത്രുക്കളാണെന്നും മനസ്സിലായി . എൻറെ ചായ കിട്ടുന്നതിന് മുമ്പ് തന്നെ അവരുടെ ഭക്ഷണം ടാബിളിൽ എത്തി . പിന്നീട് എൻറെ എൻറെ ചായയും . അവർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഞാൻ ചായ കുടിയും തുടർന്നു . പെട്ടന്ന് അവർ ദേഷ്യത്തോടെ ബംഗാളിയെ അടുത്തേക്ക്‌ വിളിച്ചു . ഹരേ ഭായ് ...
ഹം ലോക് സബ്ജി കേലിയെ ബോല . ഏ ക്യാഹെ .. പച്ചക്കറിയിൽ കിടക്കുന്ന ബീഫിൻറെ ഭാഗം ചൂണ്ടി കാണിച്ച് കൊണ്ട് അവർ ബംഗാളിയോട് ചൂടാവുന്നു. ബംഗാളി അവരോടായി പറഞ്ഞു ..ഹേ .. ഭായി .. ഏ ഹംലോഗ് ടേസ്റ്റ് കേലിയേ സബ്ജി മേ തോടാ ബീഫ് ദാൽത്താഹെ . നിങ്ങൾ സബ്ജി കാ പൈസ മാത്രം തന്നാൽ മതി . ഗുജറാത്തികളുടെ ചൂട് ഒന്ന് കൂടി കൂടി . പൈസാ കാ ബാത്ത് നഹിഹെ .. ഹം ലോഗ് പക്കാ വെജിട്ടേറിയൻ ഹെ . തും ക്യോം  ഞങ്ങൾക്ക്  ബീഫ് ദിയാ ..വാക്ക് തർകം മൂത്തു ..  സംസാരത്തിൻറെ കടുപ്പം  കൂടി .ബംഗാളി എന്നെ നോക്കി കൊണ്ട് പറഞ്ഞു . സബ്ജി മി തോടാ ബീഫ് ഒയേഗ ക്യാ മുഷ്കിൽ ഹെ .  തോടാ ബീഫ് കായേഗ ഏ ലോഗ് മർ ജായേഗാ .. 
ഇത് കേട്ട ഗുജറാത്തികൾ കൂടെ സംസാരം എന്നെ നോക്കി ക്കൊണ്ടായി . ഞങ്ങൾ പക്കാ പച്ചക്കറിക്കാരാണ് , പിന്നെ ഏ ക്യോം ഞങ്ങൾക്ക് ബീഫ് ദിയാ.. .ബംഗാളി വീണ്ടും തുടർന്നു . ഇവിടെ ബംഗാളികൾ പച്ചക്കറി മേ കുറച്ച് കൂടുതൽ ബീഫ് കിട്ടാൻ വേണ്ടി അടി കൂടുന്നു . ഈ ലോഗ് കോ സബ്ജി  തോടാ ബീഫ് ദിയാ .  ഇത് ഇപ്പം ഇത്ര വലിയ കുറ്റമാണോ ..??
ബഹളം കേട്ട് തൊട്ടടുത്ത് നിന്ന രണ്ട് അറബികൾ വിഷയത്തിൽ ഇടപെട്ടു . രണ്ട് ഭാഗവും പറയുന്നത് കേട്ട് അറബികൾ വിധി പറഞ്ഞു . രുചി കൂട്ടാൻ വേണ്ടി പച്ചക്കറിയിൽ കുറച്ച് ബീഫ് ഇടുന്നു , അതിൽ ഒരു തെറ്റുമില്ല . ദാഹിൽ സബ്ജി കുറച്ച് ലഹം ഹല്ലി ടേസ്റ്റ് ഈജി മസ്ബൂത്ത് .ഷൂ മുഷ്കിൽ . അതിലെന്താ ഇത്ര വലിയ തെറ്റ് .
ഇത് കേട്ട ഗുജറാത്തികൾ സ്വന്തം  പല്ല് കടിച്ച് പൊട്ടിച്ച് കൊണ്ട് പുറത്തേക്ക് ..വണ്ടി സ്റ്റാർട്ട് ചെയ്ത് ടയറും കത്തിച്ച് മുന്നോട്ടേക്ക് .. ഞാൻ ചിരിച്ച് കൊണ്ട് ബലദിയയിലേക്കും .







Friday, April 18, 2014

എന്ത് പറ്റി മലയാളികൾക്ക് ..??

എന്ത് പറ്റി മലയാളികൾക്ക് ..??

മകൾ , ഭർത്താവ് , അമ്മായി അമ്മ , എന്നിങ്ങനെ മൂന്നു പേരെ കൊന്നിട്ട് , കാമുകിയുമായി സ്വസ്ഥമായി ജീവിക്കുക ...!! ബല്ലാത്ത ആഗ്രഹം ..!! അതും വിദ്യാ സമ്പന്നരായ യുവതീ യുവാക്കൾ ..!!
എന്ത് പറ്റി മലയാളികൾക്ക് ..??
400 രൂപക്ക് വേണ്ടി ഒരാളെ കൊല്ലുക ..!!
റബ്ബർ തർക്കത്തിൽ ഒരാളെ വെട്ടി കൊല്ലുക . മലയാളികൾ മൃഗ തുല്യരവുകയാണോ ..??
അഞ്ചു പേരെ കൊന്ന കല്ലാച്ചിയിലെ ഹമീദിനെ ഓർത്ത്‌ പോയി . അന്ന് കല്ലാച്ചിയിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം . പരീക്ഷ അടുത്തതിനാൽ രാവിലെ ഏഴ് മണിക്ക് ക്ലാസ് തുടങ്ങും . ക്ലാസ്സ്‌ തുടങ്ങുന്നതിന് മുമ്പ് ചേലക്കാടുള്ള ഉമ്മാൻറെ അനുജത്തിയുടെ വീട്ടിൽ ഒരു മരുന്ന് എത്തിക്കാനുള്ളത് കൊണ്ട് രാവിലെ അഞ്ചേ മുപ്പതിന് തന്നെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു . പറക്കടവിൽ നിന്ന് വടകരക്ക് കൊപ്ര കൊണ്ട് പോകുന്ന ലോറിയിൽ നാദാപുരത്ത് എത്തി . നാദാപുരം സ്റ്റാൻഡിൽ നിൽക്കുന്ന  സമയത്താണ് ആ വാർത്ത കേട്ടത് ..!!  കല്ലാച്ചിയിൽ അഞ്ച് പേരെ ഒരാൾ വെട്ടി കൊന്നിരിക്കുന്നു ..!! പേടിച്ചാണെങ്കിലും കല്ലാച്ചിയിലേക്ക് ബസ്സ്‌ കേറി . ആളുകൾ എത്തി തുടങ്ങുന്നേ ഉള്ളൂ . പുന്നക്കൽ അഹമ്മദും , ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും കടന്നു വന്നു . അൽപ്പ സൊൽപ്പം രാഷ്ട്രിയ പ്രവർത്തനം നടത്തിയിരുന്ന കാലമായിരുന്നതിനാൽ പുന്നക്കൽ അഹമ്മദിൻറെ കൂടെ നേതാവ് ചമഞ്ഞ് കൊല നടന്ന വീട്ടിനകത്തേക്ക്‌ കടന്നു . കേറിയല്ലോ എന്നായിപ്പോയി . മാസങ്ങൾ എടുക്കേണ്ടി വന്നു ആ ഭീകര കാഴ്ച മനസ്സിലേൽപിച്ച ഞെട്ടെലിൽ നിന്ന് മോചിതനാവാൻ . മുന്നിലെ കോലായിൽ ബഡാ പുറത്ത് കുത്തേറ്റു രക്തത്തിൽ കുളിച്ച് നില്ക്കുന്ന ഉപ്പാപ്പ ..!! അകത്ത് മറ്റുള്ള മൂന്ന് പേർ . അവസാനം അടുക്കളയിൽ അമ്മി കല്ല്‌ കൊണ്ട് തലക്കടിയേറ്റ് തല തകർന്ന് കിടക്കുന്ന ഉമ്മ ...!! പള്ളിയിലും മറ്റുമായി പലപ്പോയും കാണാറുള്ള ആ ഉപ്പാപ്പ , മറ്റുള്ള എല്ലാവരും പരിചയമുള്ളവർ . വിശ്വസിക്കാൻ പാട് പെട്ടു .  മനുഷ്യന് ഇത്ര വലിയ ക്രൂരതക്ക് കഴിയുമോ എന്ന് ഇരുന്ന് ചിന്തിച്ച ദിവസങ്ങൾ . ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങൾ അന്ന് മനസ്സിൽ ഉടലെടുത്തു . ആംബുലൻസുകൾ നിര നിരയായി കടന്നു പോയി . പോലീസ് അന്വേഷണം , പോലിസ് നായ യുടെ മണം പിടിച്ചുള്ള ഓട്ടം . ദിവസങ്ങൾക്ക് ശേഷം ഹമീദ് പിടിക്കപ്പെടുന്നു . കോടതിയിൽ ഹാജരാക്കൾ . ക്രൂരനെ കാണാൻ കല്ലാച്ചിയിൽ ജന സാഗരം ...

ഓർമ്മയിലെ നടുക്കുന്ന സംഭവം . 







Sunday, April 13, 2014

തറവാട്ട് പേര് ......

തറവാട്ട് പേര് ......

പറമ്പിൽ ഒരു ആൽ മരം വളർന്ന് പന്തലിച്ച്നിൽക്കുന്നത് കൊണ്ടാണ്   അബുവിൻറെ  താമസ സ്ഥലത്തിന് " ആലുംമൂട്ടിൽ" എന്ന് പേര് വന്നത് . പണ്ടൊക്കെ ആ പേര് അയാൾക്ക് അഭിമാനം നൽകിയ   തറവാട്ട് പേരായിരുന്നു . പിന്നീടാണ് അയാൾ പണക്കാരനായത് . അങ്ങിനെയിരിക്കെ അയാൾക്ക് തോന്നി . ഹെ ഇതെന്ത് പേര് .? പേരൊന്ന് മാറ്റണം . ഒരു പുതിയ പേര് വേണം . ആദ്യം ആൽ മരം മുറിച്ച് മാറ്റണം . അയാൾ പറമ്പിലെ ആൽ മരം മുറിച്ച് മാറ്റി . പിറ്റേ ദിവസം മുതൽ നാട്ടുകാർ വിളിച്ചു തുടങ്ങി . "മുറിയാലും മൂട്ടിൽ അബു" . ഹൊ മുടിഞ്ഞ ഒരു ആൽ മരം . ഈ ആൽ മരം എന്നെയും കൊണ്ടേ പോകൂ . ദേഷ്യത്തോടെ പറമ്പിലെ ആൽ മരം നിന്ന സ്ഥലത്ത് പോയി ആൽ മരത്തിൻറെ വേരടക്കം നിന്ന സ്ഥലം തന്നെ കുഴിച്ചെടുത്ത് മാറ്റി . പിറ്റേ ദിവസം മുതൽ നാട്ടുകാർ വിളിച്ചു തുടങ്ങി . "കുഴിആലും മൂട്ടിൽ അബു"  (കുയ്യാലും മൂട്ടിൽ അബു )......
എവിടെയൊക്കെ എത്തിയാലും മറക്കരുത് നാം നമ്മുടെ പൂർവ്വ കാലം .
ഈ പാഠം മനസ്സിലുള്ളത് കൊണ്ടാണ് "കുറുക്കന്മാളിയിൽ "എന്ന എൻറെ വീട്ട് പേര് ഞാൻ മാറ്റാത്തത് ..