Pages

Friday, November 27, 2015

മദ്രസ ഓർമ്മകൾ ..

മദ്രസ ഓർമ്മകൾ ..

മദ്രസയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് പറമ്പിലെ തെങ്ങിൻ തോപ്പിലെ ചുവന്ന നമ്പർ പതിച്ച ഉശിരുള്ള തെങ്ങിനെയാണ് . തെങ്ങിന് വളം ഇടാൻ വരുമായിരുന്ന  വാസു വിനോട് ഉമ്മ ഇങ്ങനെ പറയും . " അത് മദ്രസേലെ തെങ്ങാന്നേ  വാസൂ , അയിന് ഒരു കൊട്ട കൂടുതൽ ഇട്ടോളേ ". തെങ്ങിൻ തോപ്പിൽ നല്ല ജോറുള്ള ഒരു തെങ്ങ് മദ്രസയിലേക്ക് നെർച്ചയാക്കിയതാ . അങ്ങനെ എല്ലാ പറമ്പിലുമുണ്ടാവും മദ്രസയിലേക്ക് നേർച്ച നേർന്ന ഒന്നോ രണ്ടോ വീതം തെങ്ങുകൾ . തേങ്ങ പറിപ്പിക്കാൻ വരുമായിരുന്ന പുളിയനാണ്ടി അമ്മദ് ക്ക .  തെങ്ങ് കയറ്റക്കാരനെയും കൂട്ടി എല്ലാ പറമ്പിലും പോയി തേങ്ങ കൊയ്യിക്കും . അത് സ്വരൂപിച്ച് കൂട്ടി വിറ്റ് കിട്ടുന്ന പൈസ കൊണ്ടായിരുന്നു അന്ന് മദ്രസയുടെ നിത്ത്യ ചെലവ് നടത്തിയിരുന്നത് .
പാറക്കടവ് അങ്ങാടിയുടെ മധ്യ ഭാഗത്ത് ഇന്ന് മദ്രസാ വാടക കെട്ടിടം നിൽക്കുന്ന സ്ഥലത്തായിരുന്നു എൻറെ ഓര്മ്മയിലെ ആദ്യ കാല മദ്രസ . പിന്നീട് പുതിയ കെട്ടിടം പണികയിഞ്ഞപ്പോൾ  അവിടത്തേക്ക് മാറിയത്  ഓർമ്മയിൽ തെളിഞ്ഞ് നിൽക്കുന്നു . പുതിയ മദ്രസയുടെ ഉൽഘാടനം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നിർവഹിച്ച ആ ശുഭ മുഹൂർത്തം ഞങ്ങൾ കുട്ടികൾക്ക് ആഘോഷ ദിവസമായിരുന്നു . പുത്തനുടുപ്പ്‌ ധരിച്ചാണ് ഞങ്ങളൊക്കെ അന്ന് മദ്രസയിൽ എത്തിയത്  . വർണ്ണ കടലാസുകൾ കൊണ്ട് അലങ്കരിച്ച പുതിയ മദ്രസയിൽ കാലു കുത്തിയ ആ നിമിഷം മനസ്സ് നിറയെ പുതിയ വർണ്ണങ്ങളായിരുന്നു .
രാവിലെ ഒരു കൈയിൽ രണ്ട് കുപ്പി പാലും , പറമ്പിലെ വലിയ കറിവേപ്പ് മരത്തിൽ നിന്നും പറിച്ചെടുത്ത ഒരു കെട്ട് കറിവേപ്പിലയും , മറു കൈയിൽ പുസ്തക കെട്ടുമായാണ് മദ്രസയിലേക്കുള്ള പോക്ക് . കറിവേപ്പിലയും , പാലും കേരളാ ഹോട്ടലിൽ കൊടുത്ത് കുറിപ്പ് വങ്ങിയിട്ട് നേരെ മദ്രസയിലേക്ക് . മദ്രസ വിട്ട് വരുമ്പോൾ കുറിപ്പ് തിരിച്ച് കൊടുത്ത് കാശ് വാങ്ങണം .  ഫാതിഹാ ഓതി തുടങ്ങി സ്വലാത്ത് ചൊല്ലി പിരിയുന്ന മദ്രസ . പുറത്ത് വരാന്തയിൽ തൂക്കിയിട്ട ഒരു വലിയ ഇരുമ്പ് പലകയിൽ മണി അടിക്കാൻ വേണ്ടി ഉസ്താദ് പറയുമ്പോൾ പുറത്തേക്ക് ഓടാൻ മത്സരിക്കുമായിരുന്നു ഞങ്ങൾ . മദ്രസാ ലീഡർ ആയി തെരഞ്ഞെടുത്തപ്പോൾ എന്തെന്നില്ലാത്ത അഭിമാനം .  പുതിയ കുട്ടികളെ ചേർത്താൻ വരുന്ന രക്ഷിതാക്കൾ   പാരിതോഷികമായി സമർപ്പിക്കുന്ന മിഠാ യികൾ എല്ലാ ക്ലാസിലും പോയി വിതരണം ചെയ്യാൻ ഉസ്താദ് എന്നെ ഏല്പിക്കുമ്പോൾ തോന്നുന്ന സന്തോഷം ആ മിഠാ യോളം തന്നെ മാധുരമേറിയാതായിരുന്നു .  
ഹക്കും ബാത്തിലും ,പഠിപ്പിച്ച മദ്രസ . മൂത്തവരെ ഭഹുമാനിക്കണമെന്നും, ചെറിയവരെ ആധരിക്കണമെന്നും , അന്യൻറെ മുതൽ അപഹരിക്കൽ ഹറാമാണെന്നും പഠിപ്പിച്ച മദ്രസ . ഉമ്മാൻറെ കാലിനടിയിലാണ് സ്വർഗമന്ന്  മദ്രസയിൽ ഞാൻ പഠിച്ചു . ക്ഷമ ഈമാനിൻറെ പകുതിയാണെന്ന് തുടങ്ങി എൻറെ സംസ്കാര സമ്പത്തിനെ സമ്പന്നമാക്കിയ ഒരു പാട് അറിവുകൾ പകർന്ന് തന്ന മദ്രസ .
വിദൂര ദിക്കുകളിൽ നിന്ന് വന്ന് തുച്ചമായ വേതനത്തിന് ആത്മാർഥമായി അറിവ് പകർന്ന് നൽകിയ ഒരുപാട് ഉസ്താതുമാർ . കെ പി ഉസ്താദ് , കുഞ്ഞബ്ദുള്ള ഉസ്താദ് , ആലി ഉസ്താദ് , ഇബ്രാഹിം ഉസ്താദ് ..അങ്ങിനെ നീണ്ട നിര . ഉസ്താദ്മാർക്ക് ഭക്ഷണം അടുത്തുള്ള വീടുകളിലായിരിക്കും .
കൈഎഴുത്തും , തേങ്ങാ ചോറും മറക്കാൻ പറ്റാത്ത ഒരമ്മയാണ് .  കൈഎഴുത്ത് ദിവസം ഉസ്താദുമാർക്ക് ദക്ഷിണ കൊടുക്കും . ചിലപ്പോൾ അഞ്ചോ പത്തോ ഉറുപ്പിക , അല്ലെങ്കിൽ ഒരു തേങ്ങ . കൈഎഴുത്ത് ദിവസം കൈയിൽ ഉസ്താദുമാർ എഴുതി തരുന്ന എഴുത്ത് മാഞ്ഞ് പോകാതെ സൂക്ഷിച്ച് ഉമ്മയെ കാണിക്കാൻ വീട്ടിലേക്ക് ഓടിയ നിമിഷങ്ങൾ . "ഹാദാ യൗമുൽ ഹജ്ജുൽ അക്ബർ" എന്നാണെന്ന് തോന്നുന്നു കൈയിൽ ഉസ്താദുമാർ എഴുതി തന്നിരുന്നത് . കൈഎഴുത്ത് ദിവസത്തെ തേങ്ങാ ചോറ് . തൊട്ടടുത്ത വീട്ടിൽ വെച്ചായിരിക്കും തേങ്ങാ ചോറ് വിതരണം . തേങ്ങാ ചോറും ,ചിരട്ടയിലെ കുടിവെള്ളവും  മധുര മനോഹരമായിരുന്നു .
ഇടവേള സമയത്ത് കിട്ടുന്ന അര മണികൂർ സമയം ആഹ്ലാദകരമായിരുന്നു . ഇഞ്ചിബറുബ മിഠായി വിൽക്കുന്ന പ്രായമായ സൈക്കിൾ കാരൻ . തൊട്ടടുത്ത വീട്ടിലെ മുട്ട പഴം പെറുക്കൽ , തൈക്കണ്ടി അബ്ദുള്ള യുടെ മാങ്ങക്ക് ഏറിയൽ . ഇരഞ്ഞി , മഞ്ചാടി തുടങ്ങി എല്ലാ ഇടത്തും എത്തുമായിരുന്നു ആ അര മണികൂർ കൊണ്ട് .
നബിദിനം . നാലാളുകളുടെ മുന്നില് നിന്ന് സംസാരിക്കാൻ എന്നെ പഠിപ്പിച്ചത് നബിദിന ദിവസം അവതരിപ്പിച്ച കൊച്ചു പ്രസംഗങ്ങളായിരുന്നു . രാവിലെ കുളിച്ചൊരുങ്ങി ആഹ്ലാദ പൂർവം നബിദിന ദിവസം മദ്രസയിൽ എത്തിയാൽ പിന്നെ പതാക ഉയർത്തൽ . ശേഷം വരിവരിയായി പാറക്കടവ് പള്ളിയിലേക്കുള്ള സിയാറത്ത് ഘോഷയാത്ര . മൌലിദ് പാരായണം . വൈകുന്നേരം കലാ പരിപാടികൾ അവതരിപ്പിക്കൽ . മുട്ട് വിറച്ചാണെങ്കിലും അവതരിപ്പിച്ച കലാ പരിപാടിക്ക് അംഗീകാരമായി രാത്രി വൈകി സമ്മാനം കിട്ടുമ്പോൾ അഭിമാനം തോന്നിയിട്ടുണ്ട് . ചിലപ്പോൾ ഒരു സോപ്പ് അല്ലേൽ ഒരു ഗ്ലാസ് . ഗ്ലാസിനും സോപ്പിനും മനസ്സിൽ ലോക കപ്പിനെക്കാളും വിലയായിരുന്നു . അവാസാനം ഇന്ന് നബിദിനമായതിനാൽ നാളെ മദ്രസക്ക് അവധി യാണെന്ന് മൈക്കിലൂടെ ഉസ്താദ് പറയുമ്പോൾ  മനസ്സില് ഒരു പ്രത്ത്യേക സന്തോഷം .
ഓർക്കാൻ ഒരുപാട് മധുരിക്കും ഒർമ്മകൽ സമ്മാനിച്ചതായിരുന്നു മദ്രസാ കാലം . പകർത്താൻ ഒരുപാട് അറിവുകൾ സമ്മാനിച്ചതായിരുന്നു മദ്രസാ കാലം .