അന്നൊക്കെ തെരഞ്ഞെടുപ്പ് അടുത്താൽ പിന്നെ രാത്രി വൈകുന്നത് വരെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലായിരിക്കും . രാത്രി സമയങ്ങളിൽ ബൂത്ത് കമ്മറ്റി ,പിരിവ് , തുടങ്ങി പലവിധ ജോലികൾ .പകൽ സമയങ്ങളിൽ സ്ഥാനാർഥി പര്യടനം , പൊതു യോഗം ,തുടങ്ങി പല വിധ തിരക്കുകൾ . ജീപ്പിന് മുകളിൽ കമിഴ്ത്തി കെട്ടിയ ഇരുമ്പ് ടാബിളിനു മുകളിൽ രണ്ട് കോളാമ്പി മൈക്ക് കെട്ടിയ ജീപ്പ് പ്രവർത്തന സജ്ജമായാൽ പിന്നെ എൻറെ ജോലി ആ ജീപ്പിലാണ് . ശാന്തിയുടെയും സമാധാനത്തിന്റെയും അടയാളമായ കൈപ്പത്തി അടയാളത്തിൽ നിങ്ങളുടെ വിലപ്പെട്ട വോട്ടവകാശം രേഖപ്പെടുത്തി .....തുടങ്ങി പല വിധ ഡയലോഗുകൾ തൊണ്ട പൊട്ടുമാർ ഉച്ചത്തിൽ അലറി വിളിച്ച് വഴികളായ വഴികളൊക്കെയും ഓടി നടക്കും . ബൂത്ത് കമ്മറ്റികൾക്കുള്ള പോസ്റ്ററുകൾ എത്തിച്ച് കൊടുക്കൽ , പ്രവർത്തനങ്ങൾ നിരീക്ഷിക്കൽ . തുടങ്ങി ജീപ്പിൽ ഓടി എത്തി പല വിധ പ്രവർത്തങ്ങൾ . സ്ഥാനാർഥി പര്യടനത്തിന്റെ വരവറിയിച്ച് കൊണ്ട് ഇതാ ഇത് വഴി കടന്ന് വരുന്നു എന്ന അറിയിപ്പുമായി ജീപ്പ് സ്വീകരണ കേന്ദ്രത്തിലേക്ക് കുതിക്കും . ആളും അവസരവും നോക്കി ജീപ്പിൽ നിന്നിറങ്ങി റോഡരികിൽ നിന്ന് അറിയാവുന്നതും അറിയാത്തതൊക്കെ എടുത്ത് പ്രയോഗിച്ച് പ്രസംഗം തുടങ്ങും . സ്ഥാനാർഥി യുടെ വാഹന വ്യൂഹം എത്തിയാൽ പിന്നെ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങും . ഇതാ ഈ വഴിത്താരകളെ ധന്ന്യമാക്കി കൊണ്ട് കടന്ന് വരുന്നു ....
യു ഡി എഫ് സർക്കാർ കേരളത്തിൽ ചാരായം നിരോധിച്ചതിന് ശേഷം വന്ന നിയമസഭാ തിരഞ്ഞെടുപ്പ് വേള .തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പതിവ് പോലെ ജീപ്പ് തയ്യാർ . കേരളത്തിലെ അങ്ങോളമിങ്ങോളം ചാരായ ഷാപ്പുകൾ നിരോധിച്ച് ലക്ഷക്കണക്കിന് അമ്മമാരുടെ കണ്ണ് നീരൊപ്പിയ ആന്റണി സർക്കാരിനെ അധികാരത്തിലേറ്റാൻ നിങ്ങളുടെ വിലപ്പെട്ട വോട്ടുകൾ ശാന്തിയുടെയു സമാധാനത്തിന്റെയും അടയാളമായ കൈപ്പത്തി അടയാളത്തിൽ രേഖപ്പെടുത്തി ...തുടങ്ങി പലവിധ വാചക കസർത്തുകളുമായി നാട് ചുറ്റുകയാണ് . സാധാരണ മിക്ക തിരഞ്ഞെടുപ്പുകളിലും പഞ്ചായത്തിലെ എല്ലാ വഴികളെ കുറിച്ചും നല്ല പരിചയമുള്ള ഗുരു എന്ന അഷ്‌റഫിനെയും അയാളുടെ ജീപ്പിനെയുമാണ് ആശ്രയിച്ചിരുന്നത് . ഈ തിരഞ്ഞെടുപ്പിൽ ഗുരുവിന് ചില അസൌകര്യങ്ങൾ ഉള്ളത് കൊണ്ട് അത്രയൊന്നും പരിചയമില്ലാത്ത ഇസ്മായിൽ എന്നയാളും , ബാവുവിന്റവിട മൂസ്സ ഹാജിയുടെ പുതിയ ജീപ്പുമാണ് പോന്നിരുന്നത് . തിരഞ്ഞെടുപ്പ് ആരവം കനത്തു . വിശ്രമമില്ലാത്ത ഓട്ടം . സ്ഥാനാർഥി പര്യടനം തകൃതിയായി നടക്കുന്നു . ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർഥിയുടെ വാഹന വ്യൂഹം എത്തുംപോയത്തെക്കും ഞങ്ങൾ അടുത്ത കേന്ദ്രത്തിലേക് നീങ്ങി കൊണ്ടിരുന്നു . ജീപ്പിൽ നിരവധി പോസ്റ്ററുകൾ , ചിഹ്നനങ്ങൾ , ബാനറുകൾ തുടങ്ങി ബൂത്ത് കമ്മറ്റികൾക്ക് നൽകേണ്ട നിരവധി വസ്തുക്കൾ നിറച്ചിട്ടുണ്ട് . ഉച്ച ഭക്ഷണം കുറുവന്തേരി . വിശ്രമ ശേഷം കവിലോട്ടു താഴ എന്ന കുന്നിൻ പ്രദേശത്ത് സ്വീകരണം .ഭക്ഷണ ശേഷം അധികം കാത്ത് നിൽക്കാതെ ഞങ്ങൾ ജീപ്പിൽ സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങി . വിളക്കോട്ടൂർ വഴി അൽപ്പം സഞ്ചരിച്ചാൽ പിന്നെ കൈ വരി ഇല്ലാത്ത ഒരു പാലം കടന്ന് വേണം അടുത്ത സ്വീകരണ കേന്ദ്രത്തിലെത്താൻ . നല്ല ബാലൻസുള്ളവർക്ക് മാത്രമേ പാലത്തിലൂടെ ജീപ്പ് അക്കരെ കടത്താൻ സാധിക്കൂ . ഗുരു സാധാരണ അനായാസം ജീപ്പ് ഓടിച്ച് പോകാറുള്ള പാലം കണ്ടതോടെ ഇസമായിൽ വിറച്ചു . പാലം കടക്കാൻ നടത്തിയ മൂന്ന് ശ്രമങ്ങളും പരാചയപ്പെട്ടതോടെ നല്ല ഒരു പാട്ടും വെച്ച് സ്ഥാനാർഥി യുടെ വാഹന വ്യൂഹത്തിന്റെ വരവും പ്രതീക്ഷിച്ച് ഞങ്ങൾ വിശ്രമം തുടങ്ങി . ഒരു അഞ്ച് നിമിഷം കഴിഞ്ഞതേ ഉള്ളൂ . അക്കരെ നിന്നും ഒരു ജീപ്പ് പാലത്തിന് അടിയിൽ വെള്ളത്തിലൂടെ അനായാസം ഇക്കരെക്ക് കടന്ന് വന്നു . ഇത് കണ്ട ഞങ്ങൾ ഹ ഇതിനാണോ നമ്മൾ ഇങ്ങിനെ എന്നും പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തു പാലത്തിന് അടിയിൽ വെള്ളത്തിലേക്ക് ഇറക്കി . വെള്ളത്തിൽ പാലത്തിന്റെ തൂണിന് വലത് വശത്ത് കൂടിയാണ് മുമ്പ് ആ ജീപ്പ് കടന്ന് പോയത് . തൂണിന് അടുത്തെത്തിയതും എന്നെ ആശ്ചര്യപ്പെടുത്തി കൊണ്ട് ഇസ്മായിൽ വണ്ടി എടുത്തത്തൂണിന്റെ ഇടത് വശത്ത് കൂടെ . പിന്നെ എന്ത് പറയാൻ . വണ്ടി വെള്ളത്തിന് അടിയിലേക്ക് താഴ്ന്ന് ഇറങ്ങി . ഒരു വിധത്തിൽ ഞങ്ങൾ രണ്ട് പേരും നീന്തി കരക്ക് കേറി . കരയിൽ കൽ പണി ചെയ്ത് കൊണ്ടിരുന്നവർ ഓടി എത്തി . എതിർ രാഷ്ട്രീയ പർട്ടിക്കാരയത് കൊണ്ട് അവരുടെ വക പരിഹാസങ്ങൾ . കൈപത്തി ചിഹ്നം പുഴയിലൂടെ ഓടി നടക്കുന്നു . വണ്ടിയും മൈക്കും വെള്ളം കേറി നിശ്ചലമായി . വണ്ടി പൂർണ്ണമായും വെള്ളത്തിനടിയിലാണ് . വണ്ടിക്ക് മുകളിലുള്ള ടാബിളും കോളാമ്പി മൈക്കും പുറത്ത് കാണാം . ഇസമായിൽ നിന്ന് വിറക്കുകയാണ് . മൂസ്സ ഹാജിയുടെ പുതിയ ജീപ്പ് . തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകണ്ടാന്ന് മൂസ്സ ഹാജി വിലക്കിയതാ . ഇസ്മായിൽ പരിഭവിക്കുന്നു . തൊട്ടടുത്ത നിമിഷം അതാ കടന്ന് വരുന്നു സ്ഥാനാർഥി യുടെ വാഹന വ്യൂഹം . പുഴ ക്കരയിലെത്തിയ നേതാക്കൾ കാണുന്നത് പുഴയിലൂടെ ഒഴുകി നടക്കുന്ന കൈപ്പത്തി ചിഹ്നങ്ങളാണ് . കരയിൽ നനഞ്ഞ് കുളിച്ച് ഞങ്ങൾ രണ്ട് പേരും . പിന്നെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ടാബിളും കോളാമ്പി മൈക്കും . തിരഞ്ഞെടുപ്പ് പ്രചരണ വേളയിയിലെ കൈപ്പേറിയ അനുഭവം .