ചിലരുമായുള്ള ചില നല്ല നിമിഷങ്ങൾ എത്ര വർഷങ്ങൾ കഴിഞ്ഞാലും മായാതെ മനസ്സിൽ തങ്ങും ....
ഇന്ത്യയും , പാക്കിസ്ഥാനും , തമ്മിൽ വാശിയേറിയ മത്സരം നടക്കുകയാണ് . കുഞ്ഞൂപ്പ ഖത്തറിൽ നിന്നും കൊണ്ട് വന്ന ഫുട്ബാൾ കൊണ്ടുള്ള ഹാൻഡ് ബോൾ ആണ് കളി . പാക്കിസ്ഥാനും , ഇന്ത്യയും തമ്മിലുള്ള മത്സരമെന്ന് മനസ്സിൽ കരുതി വീടിൻറെ പിന്നാമ്പുറത്തെ ചുവരിൽ ബാൾ കൊണ്ട് തട്ടി കളിക്കുക . ഒരു ചാൻസിൽ നിലത്ത് വീയാതെ ഏറ്റവും കൂടുതൽ തവണ പന്ത് തട്ടുന്ന ടീം വിജയിക്കും . വാശിയേറിയ മത്സരത്തിനിടെ പന്ത് പോയി വീണത് കുഞ്ഞമ്മദ്ക്ക , ജനതാ സെമ്മും , നീലവും , ചേർത്ത് കലക്കി വെച്ച ബക്കറ്റിനു മുകളിൽ . കലക്കി വെച്ച ജനതാസെം മുറ്റത്താകെ പരന്നു ..... പേടിച്ചോടിയ ഞാൻ പിന്നീട് അദ്ദേഹത്തിൻറെ മുന്നിൽ പ്രത്യക്ഷപ്പെടാൻ മൂന്ന് ദിവസമെടുത്തു . നടന്നതൊന്നും കാര്യമാക്കാതെ അദ്ധേഹം പല തമാശകൾ പറഞ്ഞ് എന്നെ വീണ്ടും മെരുക്കിയെടുത്തു . അന്നൊക്കെ വീട്ടിൽ വെള്ള വലിച്ചത് ( ജനതാ സെമ്മും , നീലവും , ചേർത്ത് ചുവരിൽ പൂശുക ) കുഞ്ഞമ്മദ് ക്ക യായിരുന്നു . കുഞ്ഞമ്മദ് ക്ക ജോലി തുടങ്ങിയാൽ , അയാളുടെ കൂടെ കൂടി ഞാൻ എൻറെ ജോലിയും തുടങ്ങും . അദ്ദേഹം കാണാതെ ചിരട്ടയിൽ ജനതാ സെം എടുത്ത് കല്ലിലും , തെങ്ങിലുംമൊക്കെയായി ഞാനും അടിച്ച് തുടങ്ങും . നല്ല തമാശകൾ പറഞ്ഞ് , സൗമ്യമായ പെരുമാറ്റത്തിലൂടെ അന്ന് എൻറെ മനസ്സ് കവർന്ന കുഞ്ഞമ്മദ്ക്ക നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു . വർഷങ്ങൾ പിന്നിട്ടപ്പോൾ കുഞ്ഞമ്മദ് ക്ക ഓർമ്മയിൽ നിന്ന് മറഞ്ഞു പോയിരുന്നു . ഇന്ന് മരണ വാർത്ത അറിഞ്ഞതിൽ പിന്നെയാണ് ഓർമ്മ വന്നത് . ഒരുപാട് നല്ല നല്ല ഓർമ്മകൾ സമ്മാനിച്ച കുഞ്ഞമ്മദ് ക്കാക്കും , ഞങ്ങൾക്കും , നീ സ്വർഗ്ഗം നല്കണേ നാഥാ .....