ഓർമ്മയിലെ രണ്ടാമത്തെ ബ്ളി ...
ബ്ളി ((വരൻറെ കൂടെ വധുവിൻറെ വീട്ടിലേക്ക് സൽക്കാരത്തിന് പോക്ക് )
കല്യാണ ദിവസം പുതിയാപ്പിളയുടെ (വരൻറെ )കൂടെ , പുയ്യറ്റിയാരുടെ (വധു ) വീട്ടിലേക്ക് പോയാൽ അവിടെ വിളമ്പുന്ന കോളിൻറെ (ഭക്ഷണം) അവസ്ഥ നോക്കി ഞങ്ങൾ വിലയിരുത്തുമായിരുന്നു പലപ്പോയും രണ്ടാമത്തെ ബ്ളി യുടെ സാധ്യത . അന്ന് അവിടെ ബിരിയാണി മാത്രമാണ് വിളമ്പി യതെങ്കിൽ രണ്ടാമത്തെ ബ്ളി യുടെ സാധ്യത വളരെ കൂടുതലാണ് . അതല്ല ബിരിയാണിയുടെ കൂടെ കോഴി പൊരിച്ചതും , പഴങ്ങളും കൂടെ ഉണ്ടെങ്കിൽ രണ്ടാമത്തെ ബ്ളി ക്ക് പലപ്പോയും സാധ്യത കുറവാണ് . അന്നത്തെ ദിവസം വെറും ചായ മാത്രമായാലും സാരമില്ല രണ്ടാമത്തെ ബ്ളി വേണമേ എന്നായിരുന്നു ഞങ്ങളന്ന് ആഗ്രഹിച്ചിരുന്നത് . കല്യാണ ദിവസം പുതിയാപ്പിളയുടെ കൂടെ ചെറിയ കുട്ടികൾ മുതൽ , ഇടത്തരക്കാർ വരെ എണ്ണം നോക്കാതെ എല്ലാവരും പോവുമെങ്കിൽ , രാണ്ടാമത്തെ ബ്ളിക്ക് തിരഞ്ഞെടുത്ത കുട്ടി പ്രായം വിട്ട് യുവത്ത്വത്തിലേക്ക് കടക്കുന്ന ആളുകളാണ് കൂടുതലും പോയിരുന്നത് .
കല്യാണ ദിവസം കഴിഞ്ഞ് രാണ്ടോ മൂന്നോ ദിവസത്തിന് ശേഷം രാത്രിയായിരികും രണ്ടാമത്തെ ബ്ളി . പുതിയാപ്പിളയും , വധുവിൻറെ ആങ്ങള (അളിയൻ ) ക്ഷണിക്കാൻ ഉദ്ദേശിക്കുന്ന മുഴുവൻ ആളുകളുടെയും വീട് കേറി ക്ഷണിക്കണമെന്നാണ് കണക്ക് . തൊട്ടടുത്ത വീട്ടിലെ രണ്ട് വയസ്സ് പ്രായം കുറവുള്ള കുട്ടിയെ ക്ഷണിക്കാതെ തന്നെ തേടി രണ്ടാമത്തെ ബ്ളി യുടെ ക്ഷണം വന്നപ്പോൾ ഞാനൊരു ആളായി എന്ന ഒരു തോന്നൽ പലപ്പോയും മനസ്സിലേക്ക് കടന്ന് വരുമായിരുന്നു . രണ്ടാമത്തെ ബ്ളി ദിവസം വൈക്കുന്നേരം മഗ്റിബ് നമസ്ക്കാര ശേഷം കുളിച്ചൊരുങ്ങി , തേച്ച് മിനുക്കിയ മുണ്ടും , കുപ്പായവും (ഷർട്ട് ) , ഒരു വാച്ചും , ധരിച്ച് , കൈയിൽ ഒരു ടവ്വലുമായി , മനസ്സിൽ ഞാനൊരു കാര്യക്കാരനായി എന്ന ഗമയോടെ പുതിയാപ്പിളയുടെ വീടിലെത്തും . മുഴുവനാളുകളും എത്തി കഴിഞ്ഞാൽ പിന്നെ ജീപ്പിൽ പുതിയാപ്പിളയുടെ കൂടെ പതിയറ്റിയാരുടെ വീട്ടിലേക്ക് പുറപ്പെടലായി. അൽപം മുതിർന്നവർ മുന്നിലത്തെ സീറ്റിൽ , പ്രായം അൽപ്പം കുറഞ്ഞവർ പിന്നിലുമിരുന്ന് യാത്ര പുറപ്പെടും . കൂട്ടത്തിൽ അൽപ്പം കുരുത്തക്കേട് കൈ മുതലായുള്ളവർ പലപ്പോയും ജീപ്പിന് പിന്നിൽ തൂങ്ങി നിന്നായിരിക്കും യാത്ര .
വധുവിൻറെ വീട്ടിലെത്തിയാൽ പിന്നെ എല്ലാരും നേരെ അറയിലേക്ക് . അറയിൽ തിക്കും തിരക്കും . അറയിൽ ഒരുക്കിയിട്ടുള്ള ഒരുക്കങ്ങളെ ക്കുറിച്ചുള്ള വിലയിരുത്തൽ . മധുരമിട്ട് തയ്യാറാക്കിയ പാനീയ വിതരണം നടത്തുന്നതിനിടക്ക് ഒരു വലിയ വട്ടയിൽ സിഗരറ്റ് വിതരണം . സിഗരിറ്റിനായുള്ള പിടി വലി . പലരും രണ്ടും മൂന്നും കൈക്കലാക്കി കീശയിലേക്ക് തള്ളും . ഇതൊക്കെ കഴിഞ്ഞാൽ പിന്നെ ഭക്ഷണ സൽക്കാരം . പുതിയാപ്പിളയുടെ ആളുകൾ ആയത് കൊണ്ട് തന്നെ പ്രത്യേക പരിഗണ കിട്ടുമായിരുന്നു . ഉൽസാഹങ്ങലിലൊന്നും പങ്കെടുക്കാതെ നേരെ ഭക്ഷണം കഴിക്കാൻ ഇരിക്കാമെന്നതാണ് ആകർഷണം . പലപ്പോയും ബിരിയാണി , കോഴി പൊരിച്ചത് , അല്ലെങ്കിൽ ബീഫ് പൊരിച്ചത് , പഴങ്ങൾ എന്നിവയായിരിക്കും ഭക്ഷണം . ബിരിയാണി ക്ക് ഉള്ളിൽ ഒരു കോഴി മുട്ടകൂടി ചില സൽക്കാരങ്ങളിൽ കിട്ടിയപ്പോൾ പലരും ആശ്ചര്യത്തോടെ യായിരുന്നു വരവേറ്റത് . കോഴി മുട്ട കൂടി വെച്ച് ബിരിയാണി വിളമ്പിയ ബ്ളി യെ അടി പൊളിബ്ളിയെന്ന് വിലയിരുത്തി പലപ്പോയും . ഭക്ഷം കഴിച്ച് കഴിഞ്ഞാൽ പിന്നെ ഓരോ ജീപ്പിലും വരുമ്പോൾ ഉണ്ടായിരുന്നവർ തിരിച്ചെത്തിയാൽ മടക്ക യാത്ര . എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാൽ അവിടെ ലഭിച്ച ഭക്ഷണത്തെ കുറിച്ചുള്ള , സ്വീകരണത്തെ കുറിച്ചുള്ള ഉമ്മാൻറെ അന്വേഷണം . വിവരിച്ച് കഴിഞ്ഞാൽ കേട്ട് നിൽക്കുന്ന ഉമമാൻറെ മുഖത്ത് സന്തോഷം .എൻറെ മകന് ഇന്നെങ്കിലും മനസ്സ് നിറച്ച് , വയറു നിറയെ ഭക്ഷണം കഴിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം . പിറ്റേ ദിവസം അങ്ങാടിയിൽ ഫിതിന ബെഞ്ചിൽ ഇരുന്ന് തലേ ദിവസത്തെ ബ്ളി യെ കുറിച്ചുള്ള വിലയിരുത്തൽ ചർച്ച . എല്ലാമിന്ന് ഓർമ്മകൾ മാതം . മനസ്സിന് കുളിരേകുന്ന ഓർമ്മകൾ മാത്രം .