Pages

Saturday, March 29, 2014

മറക്കില്ലൊരിക്കലും ഞാൻ എൻറെ പൂർവ്വ കാലത്തെ


ഈ അടുത്ത് നാട്ടിലേക്ക് അവധിക്ക് പോയ സഹ മുറിയൻ ഹൈദരാബാദ് കാരൻ , സ്നേഹിതൻ മാർക്ക് സമ്മാനിക്കാൻ വേണ്ടി വാങ്ങിച്ച വാച്ച് കണ്ടപ്പോയെ  ഊഹിച്ചു ഞാൻ അവരുടെ ജീവിത നിലവാരം .നമ്മുടെ നാട്ടിൽ തൊണ്ണൂകളിൽ ഓടിയ വാച്ച്.  ഇന്ന് വെറുതെ കുട്ടികൾക്ക് കളിക്കാൻ കൊടുത്താൽ അവർക്ക് പോലും സ്വീകരിച്ചെന്ന് വരില്ല . ഇന്നലെ അവൻ അവൻറെ കല്യാണ ഫോട്ടോ അയച്ച് തന്നു . കണ്ടപ്പോൾ എല്ലാം പൂർണ്ണമായി ..!! ആടും ,പശുവും , ഓടി കളിക്കുന്ന ചെറിയ വീട്ടിൽ അട്ടിയിട്ട കുറേ ചാക്കുകൾക്ക് ഇടയിൽ ചമ്രം പടിഞ്ഞിരിക്കുന്ന മണവാട്ടി . തൊണ്ണൂറുകളിൽ നമ്മുടെ നാട്ടിൽ ഓടിയ ചൂരിദാർ ., ഒന്നും പറയേണ്ട .. ഞാൻ ഓർത്ത്‌ പോയി .. യാ അള്ളാഹ് നമ്മൾ എത്ര ഭാഗ്യവാൻമാർ . നമ്മുടെ ജീവിത നിലവാരം എത്ര ഉയർന്ന് പോയി . നമ്മൾ എത്ര പെട്ടന്നാ ഇത്ര മാറിയത് . പക്ഷെ നമ്മൾ ആരും ഓർക്കുന്നില്ല നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ഇങ്ങിനെ ഒരു ചുക്കി ചുളിഞ്ഞ വറുതിയുടെ കാലമെന്ന് . ഇന്ന് നമുക്ക് ദൈവം നൽകിയ ഈ വലിയ അനുഗ്രഹങ്ങൾ നമുക്ക് മനസ്സറിഞ്ഞ് ആസ്വദിക്കാൻ പറ്റുന്നുണ്ടോ ..?? ഇല്ല അതല്ലേ സത്യം . കാരണം നമ്മൾ ഇതിലും വലിയതിന് പിന്നാലെ ഓടുകയാണ് . ഒരു അനുഗ്രഹം നമുക്ക് ലഭിക്കുമ്പോൾ , അതിലും വലുത് ആഗ്രഹിച്ച്, ലഭിച്ച അനുഗ്രഹത്തിൻറെ സുഖം നാം ആസ്വദിക്കാതെ പോകുന്നു .
അങ്ങാടിയിലെ ചായ ക്കടയിൽ നിന്നും രണ്ടും മൂന്നും വട്ടം ചായ ഉണ്ടാക്കി ഉപേക്ഷിക്കുന്ന ചായപ്പൊടി പ്രത്യേക പാത്രത്തിൽ ശേഖരിച്ച് വീട്ടിൽ  കൊണ്ട് പോയി ചായ ഉണ്ടാക്കി കുടിച്ചിരുന്ന ഒരു കാലം എൻറെ ഉപ്പ ഓർമ്മിച്ചെടുത്ത് പറഞ്ഞ് തന്നത് ഓർമ്മ വരുന്നു . ചക്കയും , ചേമ്പും , ചേനയും , മാത്രം കഴിച്ച് ദിവസങ്ങൾ തള്ളി നീക്കിയ കഥകൾ . മഴക്കാലത്ത് ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന കഥകൾ ..
ഉള്ളി അരിഞ്ഞിട്ട് പഞ്ചസാരയും ചേർത്ത് കലക്കിയ വെള്ളം കൊടുത്ത് അധിതിയെ സൽക്കരിച്ച ഓർമ്മ കൊല്ലം പെരുത്ത് ആയിട്ടുണ്ടാവില്ല കടന്ന് പോയിട്ട് .  നോമ്പ് കാലത്ത് നോമ്പിൻറെ പൈസ വാങ്ങാൻ വേണ്ടി എത്ര വീടുകൾ നമ്മളിൽ പലരും കയറി ഇറങ്ങിയിട്ടുണ്ട് . കിട്ടുന്ന പൈസ ഒക്കെ ചേർത്ത് വെച്ച് എത്ര പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങിച്ചിട്ടുണ്ട് . ചെറിയ പെരുന്നാളിന് വാങ്ങിച്ച മുണ്ടും , കുപ്പായവും , ഉറുമാലും , അന്ന് ഒരു ദിവസം ഉപയോഗിച്ച് വലിയ പെരുന്നാൾ ദിവസത്തേക്ക് ഉപയോഗിക്കാൻ മാറ്റി വെക്കാറുണ്ടായിരുന്നില്ലേ .. ഒരു പെരുന്നാൾ ദിവസം ഉപയോഗിച്ച പുതിയ മുണ്ടിൽ വാടകയ്ക്ക് എടുത്ത സൈക്കിളിൽ നിന്ന് ഗ്രീസ് പുരണ്ടതും , അത് ഉമ്മ കാണുന്നത് ഭയന്ന് രാത്രി വൈകും വരെവീട്ടിലേക്കു പോകാതെ ഇട വഴിയിൽ കുത്തി ഇരുന്നതും , ഉമ്മ വന്ന് അത് സാരമില്ല എന്ന് പറഞ്ഞ് സമാദാനിപ്പിച്ച് കൂട്ടി കൊണ്ട് പോയതും ഓർമ്മ വരുന്നു . വീട്ടിൻറെ പിന്നാമ്പുറത്തുള്ള കരുവമ്പ് (കറിവേപ്പില ) മരത്തിൽ നിന്നും പറിച്ചെടുത്ത കറിവേപ്പില അങ്ങാടിയിലെ ഹോട്ടലുകളിൽ കൊടുത്ത് രണ്ട് ഉറുപ്പിക വാങ്ങിച്ചതിന് ശേഷമായിരുന്നു അന്ന് മദ്രസയിലേക്ക് പോയിരുന്നത് . ഒരു കൈയിൽ ഹോട്ടലിൽ കൊടുക്കാനുള്ള പാലും , മറ്റേ കൈയിൽ പുസ്തകങ്ങളുമായി എത്ര കാലം മദ്രസ്സയിൽ പോയിട്ടുണ്ട് . വൈകുന്നേരം സ്കൂൾ വിട്ട് വന്നാൽ , അവധി ദിനങ്ങളിൽ , വീട്ടിലെ പശുവിന് തിന്നാനുള്ള പുല്ല് പറിച്ച് കൊണ്ട് വരണമായിരുന്നു .  യാ അള്ളാ ...... എത്ര പെട്ടന്ന്  എത്ര വലിയ മാറ്റം നമ്മുടെ നാടിന് , നമ്മുടെ ജീവിത ശൈലിയിൽ വന്നു . എത്ര നന്ദി ചെയ്യണം നാം നാഥന് . ഐ ഫോണിനും , ലാപ്ടോപ്പിനും മുന്നിലിരിക്കുമ്പോൾ മറക്കില്ലൊരിക്കലും ഞാൻ എൻറെ പൂർവ്വ കാലത്തെ . വറുതിയുടെ ചുക്കി ചുളിഞ്ഞ ആ പൂർവ്വ കാലത്തെ . നാഥന് സ്തുധി ഒരായിരം സ്തുധി . അൽ ഹംദുലില്ലാഹ് .